Alappuzha local

വെള്ളംകളി കഴിഞ്ഞാലുടന്‍ റിപോര്‍ട്ട് അവതരിപ്പിക്കണം : അഴിമതി തടയാനൊരുങ്ങി മന്ത്രി തോമസ് ചാണ്ടി



ആലപ്പുഴ: വര്‍ഷങ്ങളായി നെഹ്്‌റു ട്രോഫി വള്ളംകളി നടത്തിപ്പിനെതിരേ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ക്ക് തടയിടാനൊരുങ്ങി മന്ത്രി തോമസ് ചാണ്ടി. ഇനി മുതല്‍ എല്ലാ വര്‍ഷവും വള്ളംകളി കഴിഞ്ഞാലുടന്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ച് പാസാക്കണമെന്നാണ് നെഹ്്‌റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പു ചുമതലയുള്ള മന്ത്രിയുടെ നിര്‍ദേശം. കഴിഞ്ഞ ദിവസം ആലപ്പുഴ കലക്ടറേറ്റില്‍ ചേര്‍ന്ന നെഹ്്‌റു ട്രോഫി സൊസൈറ്റി നിര്‍വാഹക സമിതിയും പൊതുയോഗവും ചേരുന്ന വേദിയിലാണ് മന്ത്രി നയം വ്യക്തമാക്കിയത്. തോമസ് ചാണ്ടിക്ക് പുറമെ ധനമന്ത്രി തോമസ് ഐസകും കഴിഞ്ഞ വര്‍ഷത്തെ കണക്കവതരിപ്പിക്കലിന് സാക്ഷിയായി. കഴിഞ്ഞ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ചെലവ് 1.89 കോടി രൂപയായി. സര്‍ക്കാര്‍ ഗ്രാന്റായി 1.25 കോടി രൂപ ലഭിച്ചതിനാല്‍ വള്ളംകളി കഴിഞ്ഞു 60.45 ലക്ഷം രൂപ മിച്ചം വന്നു. സംസ്ഥാന സര്‍ക്കാര്‍ ഒരു കോടിയും കേന്ദ്രസര്‍ക്കാര്‍ 25 ലക്ഷം രൂപയുമാണു ഗ്രാന്റായി നല്‍കിയത്. 63.75 ലക്ഷം രൂപയുടെ ടിക്കറ്റ് വില്‍പന നടത്തിയതു നെഹ്‌റു ട്രോഫി വള്ളംകളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായി മാറിയെന്നും സംഘാടകര്‍ വ്യക്തമാക്കി. അതേസമയം കണക്കുകളില്‍ ഉപസമിതികളുടെ റിപ്പോര്‍ട്ടോ ആ സമിതികള്‍ യോഗം ചേര്‍ന്നു കണക്ക് അംഗീകരിച്ചെന്ന രേഖകളോ ഇല്ലാതിരുന്നത് അംഗങ്ങളുടെ വിമര്‍ശനത്തിന് ഇടയാക്കി. ഈ വര്‍ഷം മുതല്‍ ഉപസമിതികള്‍ കണക്ക് നല്‍കുമ്പോള്‍ അവിടെ അവതരിപ്പിച്ച് അംഗീകരിക്കണമെന്നും കണക്ക് പരിശോധനയ്ക്ക് ഓഡിറ്റ് വിഭാഗത്തെ നിയോഗിക്കണമെന്നും തീരുമാനിച്ചു.ഐപിഎല്‍ മാതൃകയില്‍ ജലോല്‍സവങ്ങള്‍ ഒരുക്കി ടൂറിസ്റ്റുകളെ ആകര്‍ഷിക്കണം ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഐപിഎല്‍ മാതൃകയില്‍ കൂടുതല്‍ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ജലോല്‍സവങ്ങള്‍ ക്രമീകരിച്ചാല്‍ അവയുടെ നിലനില്‍പ്പിനു സഹായകമാകുമെന്നു മന്ത്രി തോമസ് ഐസക് പറഞ്ഞു. സ്‌പോണ്‍സര്‍മാരെ കൂടുതല്‍ ലഭിക്കാനിടവരും. തുഴച്ചില്‍ക്കാര്‍ക്ക് ഇതൊരു വരുമാനമാര്‍ഗമായി മാറുകയും ചെയ്യും. ഇതേക്കുറിച്ചു സൊസൈറ്റി ചര്‍ച്ച നടത്തണമെന്നും മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. കലക്ടര്‍ വീണ എന്‍ മാധവന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കൂടിയായ ആര്‍ഡിഒ മുരളീധരന്‍ പിള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ എംഎല്‍എമാരായ സി കെ സദാശിവന്‍, എ എ ഷുക്കൂര്‍, കെ കെ ഷാജു എഡിഎം എം കെ കബീര്‍ പ്രസംഗിച്ചു.
Next Story

RELATED STORIES

Share it