malappuram local

വെട്ടുകാട് അങ്ങാടിയില്‍ സ്‌ഫോടനം; നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു

സ്വന്തം പ്രതിനിധി

കൊണ്ടോട്ടി: എടവണ്ണപ്പാറ-കൊണ്ടോട്ടി റോഡ് വെട്ടുകാട് കൃഷിഭവനുസമീപം കുറ്റിക്കാടിന് തീയിട്ടപ്പോഴുണ്ടായ സ്‌ഫോടനത്തില്‍ നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു. കൃഷിഭവനും സമീപത്തെ ജനസേവകേന്ദ്രത്തിനും കേടുപാടുപറ്റി. വലിയ സ്‌ഫോടനത്തോടെയുള്ള ശബ്ദവും പൊടിപടലവും നിറഞ്ഞ് രംഗം ഭീതിപരത്തി. വീടിന് മുന്‍വശത്ത് ആളില്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി. വെട്ടുകാട് അങ്ങാടിയില്‍ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് വന്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനമുണ്ടായ സ്ഥലത്തിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരായ പളനിയമ്മ വീട്ടുമുറ്റത്ത് പാമ്പിനെ കണ്ടെതിനെ തുടര്‍ന്ന്് സമീപത്തെ കുറ്റിക്കാടിന് തീയിട്ടതായിരുന്നു. തീയിട്ട് ഇവര്‍ വീട്ടിനുള്ളിലേക്ക് കയറിയ സമയത്താണ് ഉഗ്ര സ്‌ഫോടനമുണ്ടായത്. ഇവരുടെ വീടിന്റെ പിറകും മുന്‍വശത്ത് 20 മീറ്ററോളം അകലത്തിലുള്ള വെള്ളിലശ്ശേരി കരുവഞ്ചോല മുഹമ്മദ്, കരുവഞ്ചോല ഫായിസ്, റോഡിന് മറുവശത്തുള്ള പാലത്തറ ജയരാജന്‍, ഇവരുടെ ഉടമസ്ഥതയിലുള്ള ജനസേവന കേന്ദ്രം, സമീപത്തെ കൃഷിഓഫിസ് എന്നിവയ്ക്കാണ് സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചത്. സ്‌ഫോടനത്തോടെയുണ്ടായ പൊടിപടലം കൊണ്ട് ഒന്നും കാണാനായില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെള്ളിലശ്ശേരി കരുവഞ്ചോല മുഹമ്മദിന്റെ വീടിനാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. മുന്നിലെ വാതില്‍ നടുമുറിഞ്ഞുവീണു. വീട്ടിലെ ഭൂരിഭാഗം ജനല്‍ചില്ലും തകര്‍ന്നു. രണ്ടാംനിലയില്‍ ജനല്‍ പാളികള്‍ പൂര്‍ണമായും നിലം പൊത്തി. വീടിന് പലയിടത്തും വിള്ളല്‍ വീണിട്ടുണ്ട്. തൊട്ടടുത്തുള്ള മുഹമ്മദിന്റെ സഹോദരന്റെ മകന്‍ ഫായിസിന്റെ വീടിന്റെ ജനവാതിലുകളും തകര്‍ന്നു. വീടിന് വിള്ളലും വീണു. റോഡിന് എതിര്‍വശത്ത് 50 മീറ്ററോളം ദൂരത്തിലുള്ള ജയരാജന്റെ വീടിന്റെ ജനവാതിലുകളും തകര്‍ന്നിട്ടുണ്ട്. റോഡിന് സമീപത്തെ ജനവാസകേന്ദ്രത്തിന്റെ ചില്ലും തകര്‍ന്നു. വന്‍ ശബ്ദത്തോടൊപ്പം ഭൂമികുലുങ്ങുന്നതു പോലെയുള്ള പ്രതീതിയായിരുന്നു ഉണ്ടായതെന്ന് വീട്ടുകാര്‍ പറഞ്ഞു. ബോംബ് സ്‌ക്വാഡും പോലിസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സ്‌ഫോടകവസ്തുവിനെ കുറിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. പറമ്പില്‍ കൂടുതല്‍ സ്്‌ഫോടകവസ്തുക്കളില്ലെന്ന് വ്യക്തമായി. പറമ്പില്‍ സൂക്ഷിച്ചതോ ഉപേക്ഷിച്ചതോ ആയ, കരിങ്കല്‍ മടകളില്‍ ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുവിന് തീപ്പിടിച്ച് പൊട്ടിയതാവാമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. കരിങ്കല്‍ മടകളില്‍ ഉപയോഗിക്കുന്ന സഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട് പണിയെടുക്കുന്ന രണ്ടുപേര്‍ നേരത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്നു. ദിണ്ഡിഗല്‍ സ്വദേശി ഇളങ്കോവനെയും ചിന്നദുരൈയെയും കേന്ദ്രീകരിച്ചാണ് പോലിസ് അന്വേഷണം. ഇളങ്കോവന്‍ ആറുമാസം മുമ്പും ചിന്നദുരൈ രണ്ടുമാസം മുമ്പും ഇവിടെനിന്ന് താമസം മാറിയതാണ്. സമീപ സ്ഥലങ്ങളില്‍ ഇവര്‍ താമസിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും പോലിസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇന്‍സ്‌പെക്ടര്‍ എം മുഹമ്മദ് ഹനീഫ പറഞ്ഞു. ടി വി ഇബ്രാഹീം എംഎല്‍എ, തഹസില്‍ദാര്‍ എസ് ജയകുമാരന്‍, മുതുവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എ സഗീര്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it