kannur local

വെങ്കല പൈതൃക ഗ്രാമത്തെ ഹെറിറ്റേജ് ടൂറിസം കേന്ദ്രമാക്കണം: മന്ത്രി

പയ്യന്നൂര്‍: കുഞ്ഞിമംഗലം വെങ്കല പൈതൃക ഗ്രാമത്തിലെ വെങ്കല ശില്‍പികളുടെ കരവിരുത് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് മാതൃകയില്‍ ഹെറിറ്റേജ് ടൂറിസം പദ്ധതി നടപ്പാക്കണമെന്ന് വ്യവസായ മന്ത്രി എ സി മൊയ്തീന്‍. കരകൗശല വികസന കോര്‍പറേഷന്‍   സ്ഥാപിക്കുന്ന കുഞ്ഞിമംഗലം ബെല്‍മെറ്റല്‍ ക്ലസ്റ്ററിന്റെ പ്രഖ്യാപനവും പൊതുസേവന കേന്ദ്രത്തിന്റെ ഓഫിസ് ഉദ്ഘാടനവും വര്‍ക്ക് ഷെഡ് നിര്‍മാണോദ്ഘാടനവും മൂശാരിക്കൊവ്വലിലെ വെങ്കല പൈതൃകഗ്രാമത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വെങ്കല ഗ്രാമത്തിലെ പഴയ ശില്‍പികളുടെ തിരുശേഷിപ്പുകളായ ശില്‍പങ്ങള്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കാന്‍ പ്രദര്‍ശനകേന്ദ്രം ദേവസ്വം, ടൂറിസം, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ ഒരുക്കണം. അതിന് വ്യവസായ വകുപ്പ് സഹായം ചെയ്യും. ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് മാതൃകയില്‍ ഇത് പ്രാവര്‍ത്തികമായാല്‍ വെങ്കല ശില്‍പങ്ങള്‍ എങ്ങനെ ഉണ്ടാക്കുന്നു എന്നറിയാനും അത് പഠിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകളെത്തും.
കേരളത്തിന്റെ തൊഴില്‍ സംസ്‌കാരവുമായി രൂപപ്പെട്ടുവന്ന ഈ പൈതൃകം ലോകം അറിയണം. മേഖലയില്‍ തൊഴില്‍ സുരക്ഷിതത്വവും കൂടുതല്‍ വരുമാനവും ഉറപ്പാക്കണം. പുതിയ തലമുറയെ ഈ തൊഴിലിലേക്ക് ആകര്‍ഷിക്കാനാവണം.
ഇതിന് പൈതൃകമായവയെ കൂടാതെ വിദേശ വിപണികളെ വരെ ആകര്‍ഷിക്കുന്ന പുതിയ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാവണം. അതിനാണ് ഡിസൈന്‍ വര്‍ക്‌ഷോപ്പും പരിശീലന പരിപാടികളും നടത്തുന്നത്. വിപണി പഠനം നടത്തി ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ ഏതെന്ന് കണ്ടെത്തി ഉല്‍പാദനം നടത്തണം. ശില്‍പികള്‍ക്ക് അസംസ്‌കൃത വസ്തുക്കളും തൊഴിലുപകരണങ്ങളും ലഭ്യമാക്കി തൊഴിലിനെ സംരക്ഷിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ടി വി രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
കോര്‍പറേഷന്‍ എംഡി എന്‍ കെ മനോജ് റിപോര്‍ട്ട് അവതരിപ്പിച്ചു. ചെയര്‍മാന്‍ കെ എസ് സുനില്‍ കുമാര്‍, കുഞ്ഞിമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്തംഗം ആര്‍ അജിത, ബ്ലോക്ക് പഞ്ചായത്തംഗം ഈശേരി ബാലകൃഷ്ണന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ ടി അബ്ദുല്‍ മജീദ്, കരകൗശല വികസന കോര്‍പറേഷന്‍ ഡയറക്ടര്‍മാരായ കെ സുനില്‍ കുമാര്‍, മാട്ടുമ്മല്‍ ഹഷീം, ഡിസിഎച്ച് അസി. ഡയറക്ടര്‍ രൂപ്ചന്ദ്, വാര്‍ഡ് മെംബര്‍ പി വി ശ്യാമള, ക്ഷേത്ര കലാ അക്കാദമി സെക്രട്ടറി ഡോ. വൈ വി കണ്ണന്‍, വടക്കന്‍ കൊവ്വല്‍ ക്ഷേത്രം പ്രസിഡന്റ് പി ശ്രീധരന്‍, വെങ്കല പൈതൃക ട്രസ്റ്റ് ചെയര്‍മാന്‍ വി വി രാമചന്ദ്രന്‍, പി ശ്രീവല്‍സന്‍, വി ടി ബീന, വിവിധ രാഷ്ടീയ കക്ഷി നേതാക്കള്‍ സംസാരിച്ചു.
കോര്‍പറേഷന്‍ നടപ്പാക്കുന്ന അഞ്ച് സിഎഫ്‌സികളില്‍ ആദ്യത്തേതാണ് കുഞ്ഞിമംഗലം ബെല്‍ മെറ്റല്‍ ക്ലസ്റ്റര്‍.
Next Story

RELATED STORIES

Share it