thrissur local

വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് ഗ്രീന്‍ ബെല്‍റ്റ് സൃഷ്ടിക്കുന്ന പദ്ധതി നടപ്പാക്കും

തൃശൂര്‍: സി പി എം ഒല്ലൂര്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണലി പുഴയുടെ ദീര്‍ഘകാല സംരക്ഷണം ലക്ഷ്യമിട്ട് ഇരു തീരങ്ങളിലും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് ഗ്രീന്‍ ബെല്‍റ്റ് സൃഷ്ടിക്കുന്ന പദ്ധതി നടപ്പാക്കും.
മണലിക്കൊരു തണല്‍ എന്ന പേരിലുള്ള പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 20ന് രാവിലെ എട്ടിന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മണലി പുഴ പാലത്തിനു സമീപം നിര്‍വഹിക്കും. സംഘാടക സമിതി ചെയര്‍. വര്‍ഗീസ് കണ്ടംകുളത്തി അധ്യക്ഷത വഹിക്കും. പൂവരശ്, ഉങ്ങ്, കണ്ടല്‍ ചെടി, ഇല്ലി, ആര്യവേപ്പ്, ഞാവല്‍, പൂക്കൈത തുടങ്ങിയ ഇനങ്ങളുടെ 25,000 തൈകള്‍ നട്ടുപിടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പീച്ചിയില്‍ നിന്ന് ഉത്ഭവിച്ച് പുത്തൂര്‍, തൃക്കൂര്‍, നെന്മണിക്കര പഞ്ചായത്തുകളിലൂടെ ഒഴുകി പാലക്കടവില്‍ വെച്ച് കുറുമാലി പുഴയുമായി സംഗമിച്ച് കരുവന്നൂര്‍ പുഴയായി അറബിക്കടലില്‍ ചെന്നു ചേരുന്ന പുഴ വിവിധ കാരണങ്ങളാല്‍ ശോഷിക്കുകയും മലിനപ്പെടുകയും ചെയ്തിട്ടുണ്ട്. ഒല്ലൂരിലെ ഹൃദയ ഭാഗത്തുകൂടി 23 കിലോമീറ്ററോളമാണ് പുഴ കടന്നുപോകുന്നത്.
പാര്‍ട്ടിയുടെ  എട്ട് ലോക്കല്‍ കമ്മിറ്റികളെ എട്ട് മേഖലകളാക്കി തിരിച്ച് അവരുടെ നേതൃത്വത്തില്‍ വന്‍ ജനപങ്കാളിത്തത്തോടുകൂടി തൈ നടലും സംരക്ഷണവും ഉറപ്പുവരുത്തും. നിശ്ചിത മേഖലാ കേന്ദ്രങ്ങളില്‍ രാഷ്ട്രീയ, സാംസ്‌കാരിക, സിനിമാ രംഗങ്ങളിലെ പ്രമുഖര്‍ തൈകള്‍ നട്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.
ഉദ്ഘാടന ചടങ്ങില്‍ സി പി എം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണ്‍, വിദ്യാഭ്യാസ വകുപ്പു മന്ത്രി സി രവീന്ദ്രനാഥ്, ഇന്നസെന്റ് എം പി, ജയരാജ് വാര്യര്‍, എം എം വര്‍ഗീസ്, കെ കെ രാമചന്ദ്രന്‍, ശ്രീജിത്ത് രവി, ഒമര്‍ ലുലു, സി രാവുണ്ണി, പി ജെ ആന്റണി സംബന്ധിക്കും. കെ പി പോള്‍, എന്‍ എന്‍ ദിവാകരന്‍, കെ എ സുരേഷ് വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it