wayanad local

വൃക്ഷത്തൈകളുടെ കൂട്ടക്കശാപ്പ് അവസാനിപ്പിക്കണമെന്ന്



കല്‍പ്പറ്റ: സംസ്ഥാനത്തുടനീളം നടക്കുന്ന വൃക്ഷത്തൈകളുടെ കൂട്ടക്കശാപ്പ് അവസാനിപ്പിക്കണമെന്നു പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പരിസ്ഥിതി ദിനത്തില്‍ മരത്തൈകള്‍ നടല്‍ മാമാങ്കം നടത്തുകയും അവ സംരക്ഷിക്കാന്‍ നടപടികളുമെടുക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. മുന്‍വര്‍ഷങ്ങളില്‍ നട്ടുപിടിപ്പിച്ച ചെടികളില്‍ ഭൂരിഭാഗവും നശിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം കബനി നദീതട പ്രദേശങ്ങളിലെ വനവല്‍ക്കരണം ഉദ്ഘാടനം ചെയ്തത് താനാണെന്നും ഇതില്‍ ഒരു മരവും ഇന്നു ശേഷിക്കുന്നില്ലെന്നും മന്ത്രി തോമസ് ഐസക് കഴിഞ്ഞദിവസം ജില്ല സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞിരുന്നു. വയനാടിന്റെ മിക്ക ഭാഗങ്ങളിലും നട്ട തൈകളുടെ അവസ്ഥയും ഇതു തന്നെയാണ്. കേരളത്തിന്റെ പരിസ്ഥിതി സംതുലനം തകര്‍ക്കുന്ന തരത്തിലാണ് വനംവകുപ്പ് സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിന്റെ പ്രവര്‍ത്തനം. സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റ് നടത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ രണ്ടു വര്‍ഷം പ്രായമായ തൈകളാണ് വിതരണം ചെയ്യുന്നത്. ഇവ കൃത്യമായി സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, കേരളത്തില്‍ എട്ടുമാസം പ്രായമായ തൈകളാണ് നല്‍കുന്നത്. ഇതു സംരക്ഷിക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. തൈകള്‍ സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കുന്നവര്‍ക്ക് മാത്രമേ തൈകള്‍ നല്‍കാവൂ എന്നും സൗജന്യ വിതരണം അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വയനാടിന്റെ പരിസ്ഥിതി സംരക്ഷണത്തിന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതും സമഗ്രവുമായി പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും പ്രസിഡന്റ് എന്‍ ബാദുഷ, വൈസ് പ്രസിഡന്റ് എം ഗംഗാധരന്‍, ജോയിന്റ് സെക്രട്ടറി സണ്ണി മരക്കടവ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it