വീഴ്ച സമ്മതിച്ച് സഭാ നേതൃത്വം

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി വില്‍പന ഇടപാടില്‍ വീഴ്ച സമ്മതിച്ച് സഭാ നേതൃത്വം. ഭൂമി ഇടപാടുകളിലൂടെ എറണാകുളം -അങ്കമാലി അതിരൂപതയുടെ കടബാധ്യത 84 കോടി രൂപയായെന്നും ഭൂമി വില്‍പനയില്‍ കാനോനിക നിയമങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും സഹായ മെത്രാനും എറണാകൂളം-അങ്കമാലി മേജര്‍ അതിരൂപത പ്രോട്ടോസിഞ്ചെല്ലൂസ്് മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത് വൈദികര്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. 2015 മെയ് 29ന് തൂറവൂര്‍ വില്ലേജിലെ മറ്റൂരില്‍ 23.22 ഏക്കര്‍ സ്ഥലം മെഡിക്കല്‍ കോളജ് തുടങ്ങുന്നതിനായി അതിരൂപത വാങ്ങിച്ചു. ഇതിനുവേണ്ടി 60 കോടി രൂപ വായ്പ എടുത്തു. വാര്‍ഷികവരുമാനത്തില്‍ മിച്ച വരുമാനം അധികമില്ലാത്ത അതിരൂപത ഈ സ്ഥലം വാങ്ങിയത് വരന്തരപ്പിള്ളിയിലുള്ള സ്ഥലം വിറ്റ് വായ്പ തിരിച്ചടയ്ക്കാമെന്ന ധാരണയിലാണ്. എന്നാല്‍, വരന്തരപ്പിള്ളിയിലുള്ള സ്ഥലം വില്‍ക്കാന്‍ സാധിച്ചില്ല. ഇക്കാരണത്താല്‍തന്നെ 60 കോടി രൂപയുടെ വാര്‍ഷിക പലിശ ആറു കോടി അടയ്ക്കുകയെന്നത് അതിരൂപതയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ഫിനാന്‍സ് കൗണ്‍സിലിനു ബോധ്യപ്പെട്ടു. അതിരൂപതയുടെ മറ്റു ചില സ്ഥലങ്ങള്‍ വിറ്റ് കടം വീട്ടിയാലോ എന്ന ആലോചന ഉണ്ടായി. അപ്രകാരം കൊച്ചി (തൃക്കാക്കര) നൈപുണ്യ സ്‌കൂളിന് എതിര്‍വശത്തുള്ള 70.15 സെന്റ്, തൃക്കാക്കര ഭാരത് മാതാ കോളജിന് എതിര്‍വശത്തുള്ള 62.33 സെന്റ്, തൃക്കാക്കര കരുണാലയത്തിന്റെ അടുത്ത് 99.44 സെന്റ്, കാക്കനാട് നിലംപതിഞ്ഞ മുകളില്‍ 20.35 സെന്റ്, മരട്ടില്‍ 54.71 സെന്റ് എന്നിങ്ങനെ അഞ്ചു സ്ഥലങ്ങള്‍ വില്‍ക്കുന്നതിനായി തിരഞ്ഞെടുത്തു. ആകെ വില്‍ക്കാന്‍ തീരുമാനിച്ചത് മൂന്നേക്കര്‍ 6.98 സെന്റ് ഭൂമിയാണ്. നിബന്ധന ലംഘിച്ച് 36 പേര്‍ക്ക് സ്ഥലങ്ങള്‍ വില്‍ക്കുകയാണ് ഉണ്ടായതെന്ന് രേഖകളില്‍നിന്നു വ്യക്തമാവുന്നു. മേല്‍പറഞ്ഞ അഞ്ചു സ്ഥലങ്ങള്‍ വില്‍ക്കുകയും അതുവഴി ലഭിക്കുന്ന  27.30 കോടി രൂപ ബാങ്കില്‍ നിക്ഷേപിച്ചാല്‍ 32 കോടി മാത്രമേ അതിരൂപതയക്ക് ബാക്കി കടമുണ്ടാവുകയുള്ളു എന്നതായിരുന്നു ധാരണ. 2016 ജൂണ്‍ 21ലെ കരാര്‍ പ്രകാരം വസ്തുവില്‍പനയുടെ സാമ്പത്തിക ഇടപാടുകള്‍ ഒരു മാസത്തിനുള്ളില്‍ തീര്‍ക്കണമെന്നുണ്ടായിരുന്നുവെങ്കിലും 9.13 കോടി രൂപ മാത്രമേ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അതിരൂപതയക്ക് ലഭിച്ചുള്ളു. ബാക്കി 18.17 കോടി രൂപ ഇതുവരെയും ലഭിച്ചിട്ടില്ല. അതിരൂപതയിലെ വിവിധ കാനോനിക സമിതികളില്‍ ആലോചിച്ച ശേഷമാണ് സ്ഥലങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ചതെങ്കിലും കരാറിനെതിരായി 36 ആധാരങ്ങളിലായി ഈ സ്ഥലങ്ങള്‍ വിറ്റത് അതിരൂപതയിലെ കാനോനിക സമിതികള്‍ അറിയാതെയാണെന്നും  മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത് വൈദികര്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. കാനോനിക സമിതികളില്‍ ആലോചനയക്ക് വരുന്നതിനു മുമ്പുതന്നെ വില്‍ക്കാനുള്ള ചില സ്ഥലങ്ങള്‍ക്ക് അഡ്വാന്‍സ് വാങ്ങിയിട്ടുള്ളതായും അറിയുന്നു. അതിരൂപത സഹായ മെത്രാന്മാരുടെ അറിവോ സമ്മതമോ കൂടാതെയാണ് കോട്ടപ്പടിയിലും ദേവികുളത്തും ഭൂമി ഇടപാടുകള്‍ നടത്തിയിരിക്കുന്നതെന്നും മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.മറ്റൂരിലുളള വസ്തു വാങ്ങിച്ചപ്പോള്‍ ഉണ്ടായ ഭാരിച്ച കടം മനസ്സിലാക്കിയ കാനോനിക സമിതികള്‍ അനുവാദം കൂടാതെ ഒരൂ വസ്തുവും വാങ്ങിക്കരുതെന്ന് ശക്തമായി നിഷ്‌കര്‍ഷിച്ചിരുന്നു. മറ്റൂരില്‍ സ്ഥലം വാങ്ങിയതുമൂലം അതിരൂപതയുടെ ബാധ്യത 60 കോടിയായിരുന്നപ്പോള്‍ മറ്റു ഭൂമി ഇടപാടുകള്‍ക്കു ശേഷം ഇപ്പോള്‍ അതിരൂപത എത്തി നില്‍ക്കുന്നത് 84 കോടിയോളം രൂപയുടെ കടബാധ്യതയിലാണ്. സാമ്പത്തിക പ്രതിസന്ധി മാത്രമല്ല അതിരൂപതയക്ക് സംഭവിച്ചിരിക്കുന്നത്. സുതാര്യതയില്ലായ്മയും കാനോനിക നിയമങ്ങള്‍ പാലിക്കപ്പെട്ടില്ല എന്നതും ഗൗരവമായ ധാര്‍മികപ്രശ്‌നങ്ങളാണ്. അതിരൂപതയക്ക് ലഭിക്കാനുള്ള ബാക്കി പണം ലഭിച്ചാലും ധാര്‍മികപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുവെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാണിക്കുന്നു. നവംബര്‍ 29ന് ചേര്‍ന്ന വൈദിക പ്രതിനിധി യോഗത്തിന്റെ നിര്‍ദേശപ്രകാരം നിയോഗിച്ച കമ്മിറ്റി ഇടക്കാല റിപോര്‍ട്ട് ഈ മാസം 21ന് ചേര്‍ന്ന വൈദിക സമ്മേളനത്തില്‍ സമര്‍പ്പിച്ചിരുന്നു. 2018 ജനുവരി 31നകം അന്തിമ റിപോര്‍ട്ട് നല്‍കണമെന്ന് കമ്മിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇടക്കാല റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതിരൂപതയിലെ സ്ഥാപനങ്ങളുടെ സിഞ്ചെല്ലൂസ് ആയ മോണ്‍സിഞ്ഞോര്‍ സെബാസ്റ്റിയന്‍ വടക്കുംപാടന്റെയും അതിരൂപത ഫിനാന്‍സ് ഓഫിസറായ ഫാ. ജോഷി പുതുവയുടെയും ഉത്തരവാദിത്തങ്ങളില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിര്‍ദേശപ്രകാരം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it