Idukki local

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി ഉടന്‍ വലയിലാവുമെന്ന് പോലിസ്

തൊടുപുഴ: താലൂക്കാഫിസില്‍ നിന്നു വിവരശേഖരണത്തിനെന്ന പേരിലെത്തി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതി ഉടന്‍ വലയിലാവുമെന്ന് കാളിയാര്‍ പോലിസ്. തൊടുപുഴ പാറപ്പുഴ സ്വദേശിനിയായ വീട്ടമ്മയെയാണ് യുവാവ് ഉപദ്രവിച്ചത്. തൊടുപുഴ താലുക്കില്‍ സൗജന്യമായി വീടില്ലത്തവര്‍ക്ക് വീട് നല്‍കുമെന്നാണ് യുവാവ് വീട്ടമ്മയോട് പറഞ്ഞത്. ഇതിന്റെ വിവരശേഖരണത്തിനായാണ് താന്‍ എത്തിയതെന്നും അറിയിച്ചു.
വീടിനുള്ളില്‍ പ്രവേശിച്ച യുവാവ് കത്തി കാട്ടി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കത്തി പിടിച്ചു വാങ്ങിയശേഷം വീട്ടമ്മ പുറത്തേക്കിറങ്ങിയോടി.പിന്നാലെയെത്തിയ യുവാവ് വീട്ടമ്മയെ ഹെല്‍മറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തി രക്ഷപ്പെടുകയായിരുന്നു. വീട്ടമ്മയുടെ മൊഴി പ്രകാരം തൊടുപുഴ പോലിസിന്റെ നിരീക്ഷണ കാമറയില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചു.തൊടുപുഴ പോലിസ് സ്‌റ്റേഷന്റെ മുന്നിലുടെയാണ് ഇയാള്‍ കടന്നുപോയതെന്നു വ്യക്തമായിട്ടുണ്ട്.
എന്നല്‍ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റും ആളിന്റെ രൂപവും അവ്യക്തമാണ്.
വെള്ള മുണ്ടും വെള്ളയില്‍ കറുത്ത ഡിസൈനുള്ള ഷര്‍ട്ടുമാണ് യുവാവ് ധരിച്ചിരുന്നതെന്നാണ് മൊഴി.എന്നാല്‍ സംഭവം നടന്ന ശേഷം അമിത വേഗതയിലെത്തിയ ബൈക്ക് തൊടുപുഴയ്ക്ക് സമീപം അപകടത്തില്‍പെട്ട് മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ റോഡില്‍ വീണിരുന്നു.
എന്നാല്‍ ഇതുകണ്ട നാട്ടുകാര്‍ ഇയാളെ എഴുന്നേല്‍പിച്ച് മൊബൈല്‍ഫോണ്‍ വരെ എടുത്ത് നല്‍കി വിട്ടയച്ചു. പടിഞ്ഞാറെ കോടിക്കുളത്തിനു സമീപം വിവരമറിഞ്ഞ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. പ്രതി ഇവിടെ ഒരു എടിഎമ്മില്‍ കയറി പണം പിന്‍വലിച്ചതായി പോലിസിനു സംശയമുണ്ട്.
എടിഎം കാമറയില്‍ പതിഞ്ഞ ചിത്രം ഉള്‍പ്പടെ പോലിസ് പരിശോധിച്ച് വരികയാണ്.അതേസമയം,താലുക്ക് ഓഫിസില്‍ നിന്നു സ്റ്റാഫിനെ അയച്ചിട്ടില്ലെന്നാണ് തൊടുപുഴ തഹസില്‍ദാര്‍ അറിയിച്ചിട്ടുള്ളത്. ഇത്തരത്തില്‍ സ്ഥിരമായി തട്ടിപ്പ് നടത്തുന്ന വ്യക്തിയാണ് ഇയാളെന്നാണ് കാളിയാര്‍ പോലിസിന്റെ നിഗമനം.
Next Story

RELATED STORIES

Share it