വീട്ടമ്മയെ കൊലപ്പെടുത്തി വീപ്പയ്ക്കുള്ളിലാക്കിയ സംഭവം നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് മകള്‍; പോലിസിന്റെ അപേക്ഷ തള്ളി

കൊച്ചി: ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മകളെ നുണപരിശോധന അടക്കമുള്ള ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് പോലിസ് നല്‍കിയ അപേക്ഷ കോടതി തള്ളി. പരിശോധനയ്ക്ക് സന്നദ്ധമല്ലെന്ന് ശകുന്തളയുടെ മകള്‍ അശ്വതി കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് പരിശോധന വേണമെന്ന പോലിസിന്റെ ആവശ്യം എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (എട്ട്) നിരാകരിച്ചത്.
കഴിഞ്ഞദിവസമാണ് കോടതിയില്‍ ഹാജരായ അശ്വതി പരിശോധനകള്‍ക്ക് തനിക്ക് സമ്മതമല്ലെന്ന് അറിയിച്ചത്. നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് അശ്വതി അഭിഭാഷകന്‍ മുഖേന കോടതിയില്‍ അറിയിച്ചു. എന്നാല്‍ പരിശോധനയ്ക്കു വിധേയമാവുന്ന കാര്യം വീണ്ടും ആലോചിക്കാവുന്നതാണെന്നു കോടതി വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെയും കേസ് പരിഗണിച്ചപ്പോള്‍ മാറ്റമില്ലെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പോലിസ് സമര്‍പ്പിച്ച ഹരജി തള്ളുകയായിരുന്നു.
കഴിഞ്ഞ ജനുവരി ഏഴിനാണ് വീപ്പയ്ക്കുള്ളില്‍ മൃതദേഹത്തിന് മേല്‍ കോണ്‍ക്രീറ്റിട്ട് ഉറപ്പിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം ശകുന്തളയുടേതാണെന്നും കൊലപാതകം നടത്തിയത് അശ്വതിയുടെ സുഹൃത്തായിരുന്ന സജിത്താണെന്നും പോലിസ് കണ്ടെത്തിയിരുന്നു. സജിത്തിനെ അടുത്തിടെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. സജിത്തിന്റെ മരണം സംബന്ധിച്ച് കൃത്യമായ വിവരം പോലിസിന് ഇതുവരെ ലഭിച്ചിട്ടില്ല. ഇതേത്തുടര്‍ന്നാണ് തുടരന്വേഷണത്തിന്റെ ഭാഗമായി ശകുന്തളയുടെ മകളായ അശ്വതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലിസ് തീരുമാനിച്ചത്.
Next Story

RELATED STORIES

Share it