ernakulam local

വിഷു: പടക്ക വ്യാപാരം നാലിലൊന്നായി

വൈപ്പിന്‍: ചെറായി, പള്ളിപ്പുറം മേഖലയിലെ വിഷുപടക്ക വിപണിയില്‍ ഇക്കുറി കച്ചവടം കുത്തനെ താഴോട്ട്. പരവൂര്‍ വെടിക്കെട്ട് ദുരന്തമാണ് വിപണിയെ തളര്‍ത്തിയത്. ലൈസന്‍സുള്ള വ്യാപാരശാലകളില്‍ പോലും പൊലിസ് നിരന്തരം പരിശോധന നടത്തിയതിനാല്‍ പലപ്പോഴും ആളുകള്‍ പടക്കം വാങ്ങാന്‍ വിമുഖത കാണിച്ചു.
എത്തിയവരില്‍ പലരും ആകാശത്ത് പോയി പൊട്ടുന്ന ചൈനീസ് ഫാന്‍സി ഐറ്റങ്ങളൊന്നും തന്നെ വാങ്ങിക്കാന്‍ കൂട്ടാക്കിയില്ലെന്ന് പള്ളിപ്പുറത്തെ പ്രമുഖ പടക്ക നിര്‍മാണ വിതരണ സ്ഥാനപത്തിന്റെ മാനേജിങ് പാര്‍ട്ണര്‍ ഒ സി സൈജു പറഞ്ഞു. പരവൂരില്‍ അപകടമുണ്ടാക്കിയത് മുകളില്‍ പോയി പൊട്ടിയ അമിട്ടാണെന്നതാണ് ഇതിനു കാരണമത്രേ. എന്നാല്‍ പള്ളിപ്പുറം, ചെറായി മേഖലയില്‍ നിര്‍മിക്കുന്നത് അപകട രഹിതമായ കമ്പിത്തിരി, മത്താപ്പു, മേശപ്പൂ, ലാത്തിരി, പൂത്തിരി, ഈര്‍ക്കിലി പടക്കം തുടങ്ങിയവയാണ്. വില്‍പ്പനയും കൂടുതല്‍ ഇവ തന്നെയാണ്. ചെറിയ ചൈനീസ് ഐറ്റങ്ങള്‍ ഇവര്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും അധികാവും ഫാന്‍സി, ചൈനീസ് ഐറ്റങ്ങള്‍ എത്തുന്നത് ശിവകാശിയില്‍ നിന്നാണ്. ഇക്കുറിയാവട്ടെ ശിവകാശിയില്‍ നിന്നും അവസാനഘട്ടം ലോഡുകളെല്ലാം ചെക്ക് പോസ്റ്റ് വിട്ടു കിട്ടാത്തതിനാല്‍ ലോറികള്‍ തിരികെ പോവുകയും ചെയ്തു. മാത്രമല്ല ചെറായി മേഖലയിലെ മൊത്തക്കച്ചവടക്കാരില്‍ നിന്നും വാങ്ങി ജില്ലക്കകത്തും പുറത്തുമായി വിവിധ മേഖലകളില്‍ രണ്ടു ദിവസത്തേക്ക് കച്ചവടം നടത്തുന്ന തെരുവു കച്ചവടക്കാരെ പൊലിസ് നിയന്ത്രിച്ചതിനാല്‍ ഇവരും വാങ്ങാന്‍ എത്താത്തതോടെ ഉണ്ടാക്കിയ സാധനങ്ങളില്‍ പകുതിയും വില്‍ക്കാനായില്ല. ഇക്കുറി മുന്‍കാലങ്ങളെ അപേക്ഷിച്ച് കച്ചവടം നാലിലൊന്നായി കുറഞ്ഞെന്നാണ് വ്യാപാരികള്‍ പറയുന്നത്. വായ്പയെടുത്ത് നിര്‍മാണവും വ്യാപാരവും നടത്തുന്നവരെ ഇത് വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it