വിശ്വാസ വോട്ടെടുപ്പിന് പിന്നാലെ കര്‍ണാടകയില്‍ മന്ത്രിസഭാ വികസന ചര്‍ച്ച പുരോഗമിക്കുന്നു

ബംഗളൂരു: എച്ച് ഡി കുമാരസ്വാമി വിശ്വാസവോട്ട് തെളിയിച്ചതിനു തൊട്ടു പിന്നാലെ കര്‍ണാടകയില്‍ മന്ത്രിസഭാ വികസന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് നേരത്തെ തീരുമാനിച്ചതനുസരിച്ചു മുഖ്യമന്ത്രി കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി പരമേശ്വര, കര്‍ണാടകയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ജെഡിഎസിന്റെ എച്ച്ഡി രേവണ്ണ എന്നിവര്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീട്ടില്‍ യോഗം ചേര്‍ന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രിസഭാ വികസനത്തെക്കുറിച്ച് ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലേക്കു പോവാനിരിക്കുന്നതായി സൂചനകളുണ്ട്.
വിശ്വാസ വോട്ടെടുപ്പിന് ശേഷം മന്ത്രിസഭാ ചര്‍ച്ചകള്‍ നടത്താമെന്ന ഇരുമുന്നണികളുടെയും മുന്‍ധാരണ പ്രകാരമാണു ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. അഞ്ചു വര്‍ഷവും കുമാരസ്വാമി തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നു കഴിഞ്ഞദിവസം കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പരമേശ്വര വ്യക്തമാക്കിയിരുന്നു. നിലവിലെ ധാരണപ്രകാരം കോണ്‍ഗ്രസ്സിന് 22ഉം ജെഡിഎസിന് 12ഉം മന്ത്രിസ്ഥാനങ്ങളാണുള്ളത്.
അതേസമയം ബിജെപിയുടെ കുതിരക്കച്ചവടത്തിനും ചാക്കിട്ടുപിടിത്തത്തെയും വിജയകരമായി അതിജീവിക്കുന്നതിനു ചുക്കാന്‍ പിടിച്ച ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ അസ്വസ്ഥനാണ്. കെപിസിസി അധ്യക്ഷ സ്ഥാനത്തിനു പുറമെ കാബിനറ്റിലെ സുപ്രധാന പദവി ശിവകുമാറിനു നല്‍കുമെന്നാണ് സൂചന.
Next Story

RELATED STORIES

Share it