wayanad local

വിശുദ്ധ റമദാന്‍ സുകൃതങ്ങളാല്‍ സജീവമാക്കണം: കാന്തപുരം

കല്‍പ്പറ്റ: അകമറിഞ്ഞ ആരാധനകളാലും സമൂഹത്തിലെ അഗതികള്‍ക്കും ആലംബഹീനര്‍ക്കും സാന്ത്വനം നല്‍കിയും ആസന്നമായ റമദാന്‍ മാസം സുകൃതങ്ങളാല്‍ സജീവമാക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ പറഞ്ഞു. പുനര്‍ നിര്‍മിച്ച കല്‍പ്പറ്റ ചെറിയ പള്ളിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരാധനാലയങ്ങള്‍ ജനങ്ങള്‍ക്ക് സമാധാനവും സാന്ത്വനവും നല്‍കുന്ന ആശ്വാസ കേന്ദ്രങ്ങളാണ്. പാവപ്പെട്ടവനും പണക്കാരനും അവര്‍ണനും സവര്‍ണനും ദൈവ സന്നിധിയില്‍ സമന്മാരാണെന്ന സമത്വ സന്ദേശമാണ് പള്ളികളിലെ കൂട്ടമായുള്ള ആരാധനാ കര്‍മങ്ങള്‍ വിളംബരം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെയും സമുദായത്തിന്റെയും പുരോഗതിക്ക് ഐക്യത്തോടെയുള്ള മുന്നേറ്റം അനിവാര്യമാണ്. കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ മുസ്‌ലിം സമുദായം സജ്ജമാവണമെന്നും കാന്തപുരം പറഞ്ഞു. പള്ളി മുതവല്ലി നീലിക്കണ്ടി പക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു.
സയ്യിദ് സഅദുദ്ദീന്‍ ഹൈദറൂസി തങ്ങള്‍ വളപട്ടണം പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. കെ കെ അഹമ്മദ്കുട്ടി മുസ്‌ല്യാര്‍ കട്ടിപ്പാറ, പി ഹസന്‍ മുസ്‌ല്യാര്‍, എം അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍, കല്‍പ്പറ്റ വലിയ പള്ളി ഇമാം സലീം മുസ്‌ല്യാര്‍, അഡ്വ.കല്ലങ്കോടന്‍ മൊയ്തു സംസാരിച്ചു. കഴിഞ്ഞ ഏഴുപതിറ്റാണ്ടുകളില്‍ പള്ളിയില്‍ സേവനം ചെയ്ത ഇമാമുമാരെ ആദരിച്ചു.
ചെറിയ പള്ളിക്ക് മസ്ജിദു ആഇശ എന്ന് നാമകരണവും ചെയ്തു. എന്‍ കെ റഷീദ്, പി പി ആലി, വട്ടക്കാരി അബ്ദുല്‍ മജീദ്, നീലിക്കണ്ടി റിയാസ്, സത്താര്‍ ഹാജി തൃശൂര്‍, കെ കെ മുഹമ്മദലി ഫൈസി, അബ്ദുല്‍ ഗഫൂര്‍ സഖാഫി, സൈദലവി കമ്പളക്കാട്, അഡ്വ.നീലിക്കണ്ടി സ്വാദിഖ്, നീലിക്കണ്ടി ഇഖ്ബാല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it