വിശപ്പകറ്റാന്‍ പണച്ചാക്ക് ചുമന്ന് ലിസിയുടെ മലയിറക്കം

റഷീദ്  മല്ലശേരി
പെരുമ്പാവൂര്‍: തന്റെ കുട്ടികള്‍ക്ക് സ്‌കൂള്‍ ഫീസ് നല്‍കാനാണ് ലിസി ലക്ഷങ്ങള്‍ ചാക്കിലാക്കി മലയാറ്റൂര്‍ മല ഇറങ്ങിത്തുടങ്ങിയത്. തീര്‍ത്ഥാടകര്‍ നേര്‍ച്ചയിടുന്ന തുട്ടുകളടക്കമുള്ള പണമടങ്ങുന്ന ഓരോ ചാക്കുകെട്ടും അടിവാരത്തെ ഓഫിസിലെത്തിക്കുമ്പോള്‍ ലിസിക്ക് കിട്ടുന്നത് വെറും 120 രൂപയാണ്. നാലുവര്‍ഷം മുമ്പ് മരംവെട്ടുകാരനായ ഭര്‍ത്താവ് മരത്തില്‍നിന്നു വീണ് കാലൊടിഞ്ഞു കിടപ്പായപ്പോഴാണ് പട്ടിണി മാറ്റാന്‍ മലയാറ്റൂര്‍ പനക്കവീട്ടില്‍ ലിസി പൊന്നിന്‍കുരിശ് മുത്തപ്പനെ വിളിച്ച് പണം ചുമന്ന് മലയിറങ്ങിത്തുടങ്ങിയത്.
അന്നൊക്കെ ലിസിയെ മകന്‍ സൈക്കിളില്‍ അടിവാരത്തെത്തിക്കുമായിരുന്നു. പിന്നീട് ലിസിക്ക് കൂട്ടായി അയല്‍ക്കാരിയായ ആനിയും കൂടാതെ അപ്രേന്‍ ചേട്ടനും പണം ചുമക്കാന്‍ കൂടെ കൂടി. മലയാറ്റൂര്‍ സീസണ്‍ ആവുമ്പോഴേക്കും അഞ്ചു നടകളിലും വടികുത്തിപ്പിടിച്ച് ചുമടുമായി ഇവര്‍ കയറിയിറങ്ങും. മുത്തപ്പനെ വിളിച്ച് എത്ര തവണ മല കയറിയിറങ്ങിയാലും തളര്‍ച്ച വരില്ലെന്ന് ആനി പറയുന്നു.
സീസണില്‍ കച്ചവടക്കാരുടെ സാധനസാമഗ്രികള്‍ ചുമക്കുമ്പോള്‍ ഓരോ നടക്കും 150 രൂപ വീതം കിട്ടും. 30, 40 കിലോ തൂക്കമുണ്ടാവും ചുമടിന്. പെരുന്നാള്‍ കഴിഞ്ഞാല്‍ പള്ളിയുടെ മുകളിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മെറ്റ ല്‍, സിമന്റ്, മണല്‍, കമ്പി തുടങ്ങിയവയും ചുമന്നുകൊണ്ടുപോവും. ഇതിനായി ഇടയ്ക്ക് ഇതരസംസ്ഥാന തൊഴിലാളികളെയും പള്ളിയുടെ നടത്തിപ്പുകാര്‍ കൂട്ടാറുണ്ട്.
കഴിഞ്ഞ മാസം മലയാറ്റൂര്‍ ആറാംസ്ഥാനത്ത് വച്ച് കപ്യാര്‍ ജോണിയുടെ കുത്തേറ്റു മരിച്ച റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട് അടിവാരത്തുനിന്ന് ഒന്നരക്കിലോമീറ്റര്‍ ദൂരമുള്ള മലയാറ്റൂര്‍ മലയിലേക്ക് റോപ്പ് വേ സംവിധാനം ഒരുക്കാനുള്ള നടപടികള്‍ തുടങ്ങിവച്ചതാണ്. ക്രൈസ്തവരുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രമായ മലയാറ്റൂരില്‍ ക്രിശേ 52ല്‍ ക്രിസ്തുവിന്റെ ശിഷ്യനായ തോമാശ്ലീഹ എത്തിയെന്നാണു വിശ്വാസം.
Next Story

RELATED STORIES

Share it