Flash News

വിവിപാറ്റ്: സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പരാജയപ്പെട്ടു

സിദ്ദീഖ് കാപ്പന്‍
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ വോട്ട് ചെയ്തത് പ്രിന്റ് ചെയ്യാനുള്ള വിവിപാറ്റ് (വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) മെഷീനുകള്‍ സ്വകാര്യ കമ്പനികളില്‍ നിന്നു വാങ്ങാനുള്ള കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ തിരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളി. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ജനങ്ങളുടെ വിശ്വാസ്യത തകരുമെന്നു ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് നേരിട്ട് ഇടപെട്ടാണ് വിവിപാറ്റ് മെഷീനുകളുടെ നിര്‍മാണം സ്വകാര്യമേഖലയെ ഏല്‍പിക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷനുമേല്‍ സമ്മര്‍ദമുണ്ടായത്.
വിവരാവകാശ അപേക്ഷയ്ക്കു ലഭിച്ച മറുപടിയിലാണ് വിവിപാറ്റ് മെഷീനുകള്‍ സ്വകാര്യ നിര്‍മാതാക്കളില്‍ നിന്നു വാങ്ങാനുള്ള സര്‍ക്കാരിന്റെ പദ്ധതി പുറത്തായത്. വോട്ടിങ് മെഷീനില്‍ ബിജെപി വ്യാപകമായി അട്ടിമറി നടത്തുന്നുവെന്ന് പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം ആരോപിക്കുന്നതിനിടെയാണ് വോട്ടിങ് പ്രക്രിയയില്‍ സുതാര്യത ഉറപ്പു വരുത്തുന്നതിനായി കൂട്ടിച്ചേര്‍ക്കുന്ന വിവിപാറ്റ് മെഷീനുകളുടെ നിര്‍മാണം സ്വകാര്യമേഖലയെ ഏല്‍പിക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തിയത്.
2016 ജൂലൈക്കും സപ്തംബറിനും ഇടയില്‍ കേന്ദ്ര നിയമമന്ത്രാലയം വിവിപാറ്റ് മെഷീനുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് മൂന്നു കത്തുകള്‍ അയച്ചിരുന്നു. വിവിപാറ്റ് മെഷീന്‍ നിര്‍മാണം സ്വകാര്യമേഖലയെ ഏല്‍പിക്കുന്നതില്‍ അഭിപ്രായം തേടിയായായിരുന്നു ഈ കത്തുകള്‍. 2016 സപ്തംബര്‍ 19നു നല്‍കിയ മറുപടിയില്‍ വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ തന്നെ പ്രതികൂലമായി ബാധിക്കുന്നതരത്തില്‍ വിവിപാറ്റ് മെഷീനുകളുടെ നിര്‍മാണം ഒരു കാരണവശാലും സ്വകാര്യമേഖലയെ ഏല്‍പിക്കാന്‍ കഴിയില്ലെന്നാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കിയത്. നസീം സെയ്ദിയായിരുന്നു ഇക്കാലയളവില്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍. പൊതുമേഖലാ സ്ഥാപനങ്ങളായ ബംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ബിഇഎല്‍), ഹൈദരാബാദിലെ ഇലക്ട്രോണിക് കോര്‍പറേഷന്‍ ഇന്ത്യ ലിമിറ്റഡ് (ഇസിഐഎല്‍) എന്നീ രണ്ടു സ്ഥാപനങ്ങളില്‍ മാത്രമാണ് ഇതുവരെ വോട്ടിങ്് മെഷീനുകളും വിവിപാറ്റ് യന്ത്രങ്ങളും നിര്‍മിച്ചിരുന്നത്.
വിവിപാറ്റ് മെഷീനുകള്‍ ഘട്ടംഘട്ടമായി നടപ്പാക്കണമെന്ന് 2013ല്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. 2019 ആവുമ്പോള്‍ ഇതു പൂര്‍ത്തീകരിക്കാമെന്നായിരുന്നു കമ്മീഷന്‍ കോടതിക്ക് ഉറപ്പു നല്‍കിയിരുന്നത്. വിവിപാറ്റ് മെഷീനുകളുടെ നിര്‍മാണം സ്വകാര്യമേഖലയ്ക്കു നല്‍കാന്‍ 2016 ജൂലൈ 20ന് കേന്ദ്രമന്ത്രിസഭ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായി നേരത്തേ തന്നെ റിപോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, 2016 ജൂലൈ 11ന് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നടന്ന യോഗത്തിലാണ് ആദ്യമായി ആവശ്യമുന്നയിച്ചതെന്നാണ് വിവരാവകാശപ്രകാരം ലഭ്യമായ രേഖകളില്‍ നിന്നു വ്യക്തമാവുന്നത്. പ്രധാനമന്ത്രിയുടെ അഡീഷനല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്രയാണ് ഈ യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെയും കേന്ദ്ര നിയമമന്ത്രാലയത്തിന്റെയും പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ഈ യോഗത്തിനു ശേഷം വിവിപാറ്റ് മെഷീനുകളുടെ നിര്‍മാണം സ്വകാര്യ മേഖലയ്ക്കു നല്‍കുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫിസ് തിരഞ്ഞെടുപ്പു കമ്മീഷനു മേല്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു.
സ്വകാര്യ കമ്പനികളില്‍ വിവിപാറ്റ് മെഷീനുകള്‍ നിര്‍മിച്ചാല്‍ വോട്ടിങ് പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസ്യത തകരുമെന്നതടക്കമുള്ള വാദങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനു മുമ്പാകെ അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി എല്ലാ വിവിപാറ്റ് മെഷീനുകളും രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വിദഗ്ധപരിശോധന നടത്താറുണ്ട്. ഈ പരിശോധനയ്ക്കു ശേഷമാണ് നിര്‍മാണക്കമ്പനിയില്‍ നിന്നുള്ള എന്‍ജിനീയര്‍മാര്‍ തിരഞ്ഞെടുപ്പു വിവരങ്ങള്‍ വോട്ടിങ് മെഷീനിലും വിവിപാറ്റ് മെഷീനുകളിലും അപ്‌ലോഡ് ചെയ്യുന്നത്. ഇതൊക്കെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ചെയ്യുന്നത്. സ്വകാര്യമേഖലയെ ഇക്കാര്യങ്ങള്‍ ഏല്‍പിച്ചാല്‍ മുഴുവന്‍ വിശ്വാസ്യതയും തകരും. മെഷീനുകളുടെ വില്‍പനാനന്തര സേവനങ്ങള്‍ 15 വര്‍ഷത്തേക്ക് സ്വകാര്യ കമ്പനികള്‍ നിരുപാധികം ഏറ്റെടുക്കുമോ എന്ന വിഷയത്തില്‍ ആശങ്കയുള്ളതായും കമ്മീഷന്‍ അറിയിച്ചിരുന്നു. വിവിപാറ്റ് മെഷീനുകളില്‍ അട്ടിമറി നടക്കില്ലെന്ന് സ്വകാര്യ കമ്പനികള്‍ക്ക് ഉറപ്പു നല്‍കാനാവില്ല, ബിഇഎല്ലും ഇസിഐഎല്ലും ഉറപ്പുവരുത്തുന്ന ഗുണമേന്മയില്‍ ഒരിക്കലും സ്വകാര്യ കമ്പനികള്‍ക്ക് മെഷീനുകള്‍ നിര്‍മിച്ചുനല്‍കാനാവില്ല തുടങ്ങിയ വാദങ്ങളും വിവിപാറ്റ് മെഷീനുകളുടെ നിര്‍മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനു മുന്നില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഉന്നയിച്ചത്.
Next Story

RELATED STORIES

Share it