wayanad local

വിവാഹത്തട്ടിപ്പു കേസിലെ പ്രതി പിടിയില്‍

മാനന്തവാടി: വിവാഹത്തട്ടിപ്പു കേസിലെ പ്രതി പിടിയിലായി. കുന്ദംകുളം കോട്ടപ്പടി രായംമരക്കാര്‍ വീട്ടില്‍ റഷീദിനെ(47)യാണ് മാനന്തവാടി പോലിസ് എസ്‌ഐ വിനോദും സംഘവും പിടികൂടിയത്. മാനന്തവാടി പിലാക്കാവ് സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. നിരവധി വിവാഹങ്ങള്‍ ചെയ്ത ഇയാള്‍ വൃക്ക നല്‍കാമെന്നേറ്റ് പണം വാങ്ങിയ കേസിലും പീഡനക്കേസിലും മുന്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. ആറുമാസം മുമ്പാണ് ഇയാള്‍ മാനന്തവാടിയില്‍ ഹോട്ടല്‍ ജോലിക്കെത്തിയത്.
പെരുമാറ്റത്തിലെ വശ്യത കണ്ടാണ് പിലാക്കാവ് സ്വദേശിയായ മുഹമ്മദ് തന്റെ ഇയാള്‍ക്ക് വിവാഹം ചെയ്തു നല്‍കിയത്. ഇതിനു ശേഷം മാനന്തവാടി താഴെ അങ്ങാടിയിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച ഭാര്യയുടെ ഏഴു പവന്‍ സ്വര്‍ണവും എഴുപതിനായിരം രൂപയും കൈക്കലാക്കി ഗള്‍ഫിലേക്ക് പോവാനെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. ഇതേസമയം, തന്നെ പെരുമ്പിലാവ് സ്വദേശിക്ക് വൃക്ക നല്‍കാമെന്നു സമ്മതിക്കുകയും ആറു ലക്ഷം രൂപ ഉറപ്പിച്ച് 20,000 രൂപ അഡ്വാന്‍സ് തുക വാങ്ങുകയും ചെയ്തിരുന്നു.
ഇതു പ്രകാരം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക പരിശോധനകളും നടത്തിയിരുന്നു. പിന്നീട് ഇവിടെ നിന്നു മുങ്ങിയ ഇയാള്‍ അതുവരെ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയുമായി. പിലാക്കാവ് സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് മാനന്തവാടി പോലിസ് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുന്ദംകുളത്തുള്ളതായി പോലിസിന് വിവരം ലഭിച്ചു. കുന്ദംകുളം പോലിസിന്റെ സഹായത്തോടെയാണ് റഷീദിനെ പിടികൂടിയത്. ഇയാള്‍ വര്‍ഷങ്ങളായി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി നിരവധി തട്ടിപ്പുകള്‍ നടത്തിയതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഗരുവായൂര്‍ കോട്ടപ്പടിയിലെ പി്ള്ളക്കാട് ജുമാമസ്ജിദിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുപയോഗിച്ചാണ് വിവാഹം കഴിച്ചിരുന്നത്.
വിവാഹം കഴിഞ്ഞ് ഒന്നോ രണ്ടോ വര്‍ഷത്തിനകം വധുവിന്റെ ആഭരണങ്ങള്‍ കൈക്കലാക്കി മുങ്ങുകയാണ് പതിവ്. വൈത്തിരിയിലെ ഒരു ഭാര്യയെ ഗ്യാസ് സിലിണ്ടര്‍ ഓണ്‍ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും നിലമ്പൂരില്‍ യുവതിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ്. മാനന്തവാടി എസ്‌ഐ വിനോദ് വലിയാറ്റൂര്‍, സിപിഒമാരായ സുരേഷ് പേരാവൂര്‍, രജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it