Flash News

വിവാദ പ്രസംഗം : മന്ത്രി മണിക്കെതിരേ കേസെടുക്കാനാവില്ലെന്ന് പോലിസ്‌



തൊടുപുഴ: സ്ത്രീകള്‍ക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിയുടെ കുഞ്ചിത്തണ്ണി ഇരുപതേക്കറിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് കേസെടുക്കാനാവില്ലെന്ന് പോലിസ്. പ്രസംഗവുമായി ബന്ധപ്പെട്ട് കേസെടുത്താലും ക്രിമിനല്‍ നടപടി സ്വീകരിക്കാനാവില്ലെന്നു നിയമോപദേശവും ലഭിച്ചു. മന്ത്രിയുടെ പ്രസംഗത്തെക്കുറിച്ച് പരാതി നല്‍കിയ ജോര്‍ജ് വട്ടുകുളത്തിന് മൂന്നാര്‍ ഡിവൈഎസ്പി രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.നേരത്തേ, ഇടുക്കി ജില്ലാ പോലിസ് മേധാവി കെ ബി വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം നാര്‍കോട്ടിക്‌സെല്‍ ഡിവൈഎസ്പി ഡി ബിനുവാണ് മന്ത്രിയുടെ വിവാദ പ്രസംഗത്തെക്കുറിച്ച് അന്വേഷണം നടത്തിയത്. മണിയുടെ പ്രസംഗം വിശദമായി പരിശോധിച്ച പോലിസ്, പ്രസംഗം കേട്ടവരില്‍ നിന്നു മൊഴിയെടുക്കുകയും ചെയ്തു. സ്ത്രീകള്‍ക്കെതിരേയുള്ള പരാമര്‍ശങ്ങളെ തുടര്‍ന്ന് മണിക്കെതിരേ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ഇതിനിടെയാണ് കേസെടുക്കാനാവില്ലെന്ന് പരാതിക്കാരന് രേഖാമൂലം മറുപടി ലഭിച്ചത്. മന്ത്രിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ കടുത്ത പ്രതിഷേധവുമായി പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it