palakkad local

വിവാദങ്ങള്‍ക്കൊടുവില്‍ പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

പാലക്കാട്: വിവാദങ്ങള്‍ക്കും എം ബി രാജേഷ് എംപി-ബിഎംഎസ് വാക്‌പോരിനുമിടയാക്കിയ പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ഒടുവില്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ പാലക്കാട് യൂനിറ്റ് ലാഭത്തിലായിരുന്നുവെങ്കിലും കമ്പനിയുടെ രാജസ്ഥനിലെ കോട്ട യൂനിറ്റ് നഷ്ടത്തിലായതോടെയാണ് സ്ഥാപനം പ്രതിസന്ധിയിലായത്. തുടര്‍ന്ന് കമ്പനി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം ശക്തമായിരുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിനെ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.
2018 ജൂണ്‍ ഒന്നു മുതല്‍ ഈ തീരുമാനത്തിന് പ്രാബല്യമുണ്ടാകും. 53കോടി രൂപ ആസ്തി കണക്കാക്കിയാണ് കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെയ്ക്കും. ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് കേരള എന്ന പേരില്‍ പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്ത് ആസ്തികള്‍ അതിലേക്ക് മാറ്റും. ഇതിനുളള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിയാബിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ ഖനവ്യവസായ വകുപ്പിനു കീഴില്‍ രാജസ്ഥാനിലെ കോട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്. ഇതിന്റെ മറ്റൊരു യൂണിറ്റാണ് പാലക്കാട്ടുളളത്. 1993 വരെ കമ്പനി ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് നഷ്ടത്തിലായ കമ്പനി കയ്യൊഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപ്പെട്ടത്. കമ്പനിയുടെ ആസ്തി ബാധ്യതകള്‍ വിലയിരുത്തുന്നതിന് ചീഫ് സെക്രട്ടറി ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് ആസ്തി നിര്‍ണയിച്ചത്.
ഇതിനിടെ, ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് സംസ്ഥാന സര്‍ക്കാരിന് കൈമാറാനുള്ള നടപടികള്‍ അട്ടിമറിക്കാന്‍ ബിഎംഎസ് നീക്കം നടത്തിയിരുന്നു. ഇതിനെതിരെ ജില്ലയിലെ ഐഎന്‍ടിയുസി, എഐടിയുസി, സിഐടിയു യൂനിയനകുള്‍ രംഗത്തെത്തുകയും ഇവരെ പിന്തുണച്ച് എം ബി രാജേഷ് എംപി നിലപാടെടുക്കുകയും ചെയ്തത് രാഷ്ട്രീയ വിവാദത്തിന് വഴിവച്ചിരുന്നു.
അതേ സമയം, നിലവില്‍ ജീവനക്കാര്‍ക്ക് ശമ്പളകുടശ്ശിക ലഭിക്കാനുണ്ട്. ഇത് കേന്ദ്രം നല്‍കുമോ അതോ കമ്പനി ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നല്‍കുമോയെന്ന കാര്യത്തില്‍ വ്യക്തയുണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it