Flash News

വിവാദം വിട്ടൊഴിയാതെ കൊച്ചി മെട്രോ : പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യാതെ മടങ്ങി



കൊച്ചി: കൊച്ചി മെട്രോയുടെ സോളാര്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് കോണ്‍ഗ്രസ് എംഎല്‍എയെ ക്ഷണിച്ചില്ല. യുഡിഎഫിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് പദ്ധതി ഉദ്ഘാടനം ചെയ്യാതെ ക്ഷുഭിതനായി മുഖ്യമന്ത്രി മടങ്ങി. കോണ്‍ഗ്രസ് ജനപ്രതിനിധികളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തില്‍ ആലുവയില്‍ ദേശീയപാത ഉപരോധിച്ചു. എംഎല്‍എയെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതിനെതിരേ അവകാശലംഘനത്തിന് സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് യുഡിഎഫ് എംഎല്‍എമാര്‍. കൊച്ചി മെട്രോയുടെ പ്രവര്‍ത്തനത്തിനായി നാലു മെഗാവാട്ട് വൈദ്യുതി സോളാര്‍ പാനല്‍ വഴി ഉല്‍പാദിപ്പിക്കുന്നതാണ് പദ്ധതി. രാവിലെ പാലാരിവട്ടത്ത് എത്തിയ ശേഷം മുഖ്യമന്ത്രി മെട്രോയില്‍ കയറി ആലുവയില്‍ ഇറങ്ങുമെന്നും തുടര്‍ന്ന് 11.40ന് ആലുവ മെട്രോ സ്‌റ്റേഷനില്‍ സോളാര്‍ പദ്ധതി ഉദ്ഘാടനം ചെയ്യുമെന്നുമായിരുന്നു കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ (കെഎംആര്‍എല്‍) അറിയിച്ചിരുന്നത്. ആലുവ സ്റ്റേഷനില്‍ സ്റ്റേജ് അടക്കം വിപുലമായ രീതിയിലായിരുന്നു ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. എന്നാ ല്‍, ചടങ്ങിലേക്ക് ആലുവയിലെ എംഎല്‍എയായ അന്‍വര്‍ സാദത്തിനെയോ അവിടെത്ത മുനിസിപ്പല്‍ ചെയര്‍മാനെയോ ഒന്നും കെഎംആര്‍എല്‍ അധികൃതരോ സര്‍ക്കാരോ ക്ഷണിച്ചിരുന്നില്ല. പദ്ധതിയുടെ ഉദ്ഘാടന വാര്‍ത്ത മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞ അന്‍വര്‍ സാദത്ത് എംഎല്‍എ രാവിലെ മുഖ്യമന്ത്രിയെ  ഫോണില്‍ വിളിച്ച് സംഭവം അറിയിച്ചു. എന്നാല്‍, ഇതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത് കെഎംആര്‍എല്‍ ആണെന്നുമായിരുന്നു മുഖ്യമന്ത്രി നല്‍കിയ മറുപടി. സംഭവത്തില്‍ പ്രതിഷേധിച്ച് ഉദ്ഘാടന ചടങ്ങ് നടക്കുന്ന ആലുവ സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു. ഇതിനിടയില്‍ 11 മണിയോടെ പാലാരിവട്ടത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം ജില്ലാ സെക്രട്ടറി പി രാജീവിനും കെഎംആര്‍—എല്‍ എംഡി ഏലിയാസ് ജോര്‍ജിനുമൊപ്പം മെട്രോയില്‍ കയറിയതിനു ശേഷം സംഭവം സംബന്ധിച്ച് കെഎംആര്‍എല്‍ എംഡിയോട് വിശദീകരണം ആവശ്യപ്പെട്ടു. വിപുലമായ ഉദ്ഘാടന ചടങ്ങല്ല സംഘടിപ്പിച്ചിരിക്കുന്നതെന്നും സ്വിച്ച്ഓണ്‍ മാത്രമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രിക്ക് എംഡി വിശദീകരണം നല്‍കിയെങ്കിലും ഇതില്‍ തൃപ്തനാവാതെ മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങ് മാറ്റിവയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയ ശേഷം മുഖ്യമന്ത്രി ആലുവ സ്‌റ്റേഷനില്‍ ഇറങ്ങി മടങ്ങിപ്പോയി. കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കാന്‍ കഠിന പ്രയത്‌നം നടത്തിയ യുഡിഎഫിന്റെയും കോണ്‍ഗ്രസ്സിന്റെയും എംഎല്‍എമാരെയും ജനപ്രതിനിധികളെയും ചടങ്ങില്‍ നിന്നൊഴിവാക്കിയത് മര്യാദകേടാണെന്ന് പ്രഫ. കെ വി തോമസ് എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, പി ടി തോമസ്, ഹൈബി ഈഡന്‍, വി കെ ഇബ്രാഹീംകുഞ്ഞ് എന്നിവര്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊച്ചി മെട്രോ എല്‍ഡിഎഫിന്റെ സംഭാവനയല്ല. യുഡിഎഫിന്റെ കാലത്തു നടത്തിയ കഠിന പരിശ്രമത്തിന്റെ ഫലമാണ് ഇപ്പോള്‍ കൊച്ചി മെട്രോ യാഥാര്‍ഥ്യമാവുന്നത്. എല്ലാ മര്യാദകളും ഇവിടെ ലംഘിക്കപ്പെടുകയാണ്. സോളാര്‍ പദ്ധതിയുടെ ഉദ്ഘാടനം പെെട്ടന്നു തീരുമാനിച്ച ചടങ്ങല്ല. സര്‍ക്കാരിന്റെയും കെഎംആര്‍എല്ലിന്റെയും ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്. 8നു നിയമസഭാ സമ്മേളനം ചേരുന്ന വേളയില്‍ സംഭവത്തിനെതിരേ അവകാശലംഘനത്തിനെതിരേ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it