വിവരാവകാശ കമ്മീഷന്‍: നിയമനം വീണ്ടും അനിശ്ചിതത്വത്തിലേക്ക്‌

കെ പി ഒ റഹ്്മത്തുല്ല

മലപ്പുറം: സംസ്ഥാന വിവരാവകാശ കമ്മീഷനംഗങ്ങളുടെ നിയമനം വീണ്ടും അനിശ്ചിതത്വത്തിലേക്ക്. സര്‍ക്കാരിന്റെ വഴിവിട്ട നീക്കങ്ങളാണ് കമ്മീഷന്‍ പുനസ്സംഘന വൈകിപ്പിക്കുന്നത്. നാലു വര്‍ഷമായി വിവരാവകാശ കമ്മീഷനില്‍ കമ്മീഷണര്‍ മാത്രമേയുള്ളൂ. നിയമനം നടക്കാത്തതിനാല്‍ 17,000 ഓളം അപ്പീലുകളില്‍ തീരുമാനമെടുക്കാന്‍ കഴിയുന്നില്ല. പ്രധാനപ്പെട്ട നിരവധി അപ്പീലുകളും ഇതില്‍ ഉള്‍പ്പെടും. വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമനത്തിനായി സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ച 15 പേരുടെ ചുരുക്കപ്പട്ടികയില്‍ നിന്നും വിവിധ മേഖലകളില്‍ മികവു തെളിയിച്ചവരെ തഴഞ്ഞാണു സര്‍ക്കാര്‍ സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നത്. ക്രിമിനല്‍ കേസുകളിലും അഴിമതി ആരോപണങ്ങളിലും അന്വേഷണം നേരിടുന്ന അഭിഭാഷകനെയും വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമന നടപടികള്‍ കൈകാര്യം ചെയ്യുന്ന പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥയെയും മറ്റും ശുപാര്‍ശ ചെയ്ത സെലക്ഷന്‍ കമ്മിറ്റിയുടെ നടപടി വിവാദമായി.
അനര്‍ഹരെ തിരുകിക്കയറ്റി കമ്മീഷന്റെ പ്രവര്‍ത്തനം അട്ടിമറിക്കുകയോ നിയമന നടപടി തര്‍ക്കവിഷയമാക്കി നിലനിര്‍ത്തി കേരളത്തിലെ വിവരാവകാശ കമ്മീഷനെ മരവിപ്പിച്ചു നിര്‍ത്തുകയോ ആണു സര്‍ക്കാരിന്റെ  അജണ്ടയെന്നാണ് സംശയം ഉയരുന്നത്.
ആരോപണവിധേയരായവരെയും അനര്‍ഹരെയും ഒഴിവാക്കികൊണ്ടുള്ള പട്ടിക തയ്യാറാക്കി ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്ത് പരിഹരിക്കാവുന്ന വിഷയം നീട്ടിക്കൊണ്ടുപോയാല്‍ കൂടുതല്‍ വിവാദങ്ങള്‍ക്കും കോടതി ഇടപെടലുകള്‍ക്കും വഴിവയ്ക്കുമെന്ന് തീര്‍ച്ച.
അനര്‍ഹരെ കമ്മീഷനംഗങ്ങളാക്കാനുള്ള കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ നീ ക്കത്തെ അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ എതിര്‍ത്തിരുന്നു. ഇവരുടെ നിയമന ഉത്തരവ് ഹൈക്കോടതി മരവിപ്പിക്കുകയും പിന്നീട് റദ്ദാക്കുകയുമായിരുന്നു.സര്‍ക്കാര്‍ നടപടികള്‍ സുതാര്യമാക്കാന്‍ ഉപകരിക്കേണ്ട വിവരാവകാശ കമ്മീഷനെ നോക്കുകുത്തിയാക്കി സ്വ ന്തം പിഴവുകള്‍ പൊതുജനങ്ങള്‍ അറിയുന്നതിനെ തടയുകയാണു സര്‍ക്കാര്‍ നീക്കങ്ങളുടെ അന്തിമ ലക്ഷ്യം. ഇപ്പോള്‍ വിവരാവകാശ കമ്മീഷന്‍ അംഗത്വത്തിനായി ഇടതുപക്ഷ സര്‍ക്കാ ര്‍ തയ്യാറാക്കിയ പട്ടികയിലെ എല്ലാ അംഗങ്ങളും തല സ്ഥാന ജില്ലയില്‍ നിന്നുള്ളവരാണ്. ഈ ഒരു കോക്കസാണ് എല്ലാം അവതാളത്തിലാക്കുന്നതെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു.
സിപിഎം അംഗമായി കമ്മീഷനിലേക്ക് നിര്‍ദേശിക്കപ്പെട്ട അഭിഭാഷകനെതിരേ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നു പരാതിയുണ്ട്.
Next Story

RELATED STORIES

Share it