വിവരാവകാശ കമ്മീഷന്‍: നിയമജ്ഞരില്ലാത്തതിനാല്‍ അപ്പീലുകള്‍ കെട്ടിക്കിടക്കുന്നു

മലപ്പുറം: മൂന്നുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരുടെ ഒഴിവു നികത്തിയപ്പോള്‍ നിയമ പരിജ്ഞാനമുള്ള ആളുടെ നിയമനം ഗവര്‍ണര്‍ നിരസിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ നിര്‍ദേശിച്ച നിയമജ്ഞനെതിരേ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ കോടതിയിലുള്ള കാര്യം ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ അദ്ദേഹത്തിന്റെ നിയമനം അംഗീകരിക്കാതിരുന്നത്. അഞ്ചുപേരെ നിര്‍ദേശിച്ചപ്പോള്‍ നാലുപേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്.
ഇവര്‍ നിയമേതര രംഗത്തുനിന്നുള്ളവരാണ്. അതിനാല്‍ തന്നെ നിയമവുമായി ബന്ധപ്പെട്ട അപ്പീലുകള്‍ കേള്‍ക്കാനോ പരിഗണിക്കാനോ ഇവര്‍ക്കു സാധിക്കുകയില്ല. സുപ്രിംകോടതി നമിത് ശര്‍മ കേസില്‍ വിവരാവകാശ കമ്മീഷനില്‍ തീര്‍പ്പുകല്‍പ്പിക്കാനെത്തുന്ന കേസുകളില്‍ ഗൗരവമുള്ള നിയമ പ്രശ്‌നങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത്തരം കേസുകള്‍ വിവരാവകാശ കമ്മീഷണര്‍മാരിലെ നിയമ ബിരുദവും കോടതി പ്രവൃത്തിപരിചയവുമുള്ളവര്‍ കേള്‍ക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഈ കുറവ് പരിഹരിക്കാന്‍ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നടപടികളൊന്നുമുണ്ടായിട്ടില്ല.
ഗവര്‍ണര്‍ നിരസിച്ച നിയമജ്ഞനു പകരം വിവരാവകാശ കമ്മീഷനില്‍ നിയമ പരിജ്ഞാനമുള്ളയാളെ നിയോഗിക്കണമെന്ന ആവശ്യം വിവരാവകാശ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നു. വിവരാവകാശ കമ്മീഷണര്‍മാരില്‍ നിയമജ്ഞരാരുമില്ലാത്തതിനാല്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി അയ്യായിരത്തോളം കേസുകള്‍ കെട്ടിക്കിടക്കുകയാണ്.
Next Story

RELATED STORIES

Share it