വിവരാവകാശ കമ്മീഷന്‍ നിയമനം: ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: മുഖ്യ വിവരാവകാശ കമ്മീഷണറായി വിന്‍സന്‍ എം പോളിനെ നിയമിക്കുന്നതിനെതിരായ ഹരജി ഹൈക്കോടതി തള്ളി. നിയമനവുമായി ബന്ധപ്പെട്ട് ശുപാര്‍ശ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും അന്തിമതീരുമാനം ഉണ്ടാവാത്തതിനാല്‍ ഹരജിയിലെ ആവശ്യം അപക്വമെന്നു വിലയിരുത്തിയ കോടതി ഹരജി തള്ളി. ട്രാവന്‍കൂര്‍ ടൈറ്റാനിയം മുന്‍ എംഡി എസ് സോമനാഥന്‍ പിള്ള നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെതാണ് ഉത്തരവ്. പൊതു ജീവിതത്തില്‍ മാന്യത പുലര്‍ത്തുന്ന ശാസ്ത്ര-സാമൂഹിക-സാങ്കേതിക രംഗങ്ങളിലോ മറ്റേതെങ്കിലും മേഖലയിലോ അറിവും, മികവും, പ്രാഗല്ഭ്യവും തെളിയിച്ച വ്യക്തിയാവണം മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിക്കപ്പെടേണ്ടതെന്നു കോടതി വ്യക്തമാക്കി. ഇത്തരത്തില്‍ യോഗ്യതയുള്ള വ്യക്തികളെ തിരഞ്ഞെടുക്കുന്നതിനു സെലക്ഷന്‍ കമ്മിറ്റിക്ക് അധികാരമുണ്ടെന്നു വിവരാവകാശ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനം എടുത്തുവെങ്കില്‍ അതു തെറ്റാണെന്നു പറയാനാവില്ല. അപേക്ഷ സമര്‍പ്പിച്ച മറ്റു വ്യക്തികളെ എന്തിനാണ് ഒഴിവാക്കിയതെന്ന് അറിയിക്കേണ്ട ബാധ്യത സെലക്ഷന്‍ കമ്മറ്റിക്കില്ല. മാത്രമല്ല മുഖ്യ വിവരാവകാശ കമ്മീഷണര്‍ നിയമനവുമായി ബന്ധപ്പെട്ട ശുപാര്‍ശയിലെ അപാകതയോ, നടപടി ക്രമങ്ങളിലെ വീഴ്ചയോ അല്ലാതെ മറ്റുള്ള ആരോപണം സംബന്ധിച്ച് പരിശോധിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും ഉത്തരവില്‍ പറയുന്നു. സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം അപേക്ഷ നല്‍കിയ എല്ലാവര്‍ക്കും തൃപ്തികരമാവണമെന്നില്ലെന്നു കോടതി പറഞ്ഞു. ഏതെങ്കിലും വ്യക്തിക്കു നിയമനം നല്‍കുകയും ആ വ്യക്തിക്കു നിശ്ചിത യോഗ്യതയില്ലെന്നു വ്യക്തമാവുകയും ചെയ്താല്‍ അതിനെതിരെ പരാതി നല്‍കുന്നതില്‍ തെറ്റില്ല. അപേക്ഷകരില്‍ നിന്നുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതില്‍ പ്രതിപക്ഷനേതാവ് പരാതി ഉന്നയിച്ചിരുന്നില്ലെന്നും സെലക്ഷന്‍ കമ്മിറ്റി ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിച്ച് തീരുമാനം എടുക്കുന്നതില്‍ വിലക്കില്ലെന്നും കോടതി വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറായി വിന്‍സന്‍ എം പോളിനെ നിയമിക്കുന്നതിനു ശുപാര്‍ശ നല്‍കിയത്. വി എസ് അച്യുതാനന്ദന്റെ വിയോജനക്കുറിപ്പോടെയായിരുന്നു ശുപാര്‍ശ സമര്‍പ്പിക്കപ്പെട്ടതെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it