Pathanamthitta local

വിവരാവകാശ അപേക്ഷ പരിഗണിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണം

പത്തനംതിട്ട: ശബരിമലയില്‍ നിന്നും 2001 മുതല്‍ നടവരവ് ഇനത്തില്‍ ലഭിച്ച തുകയെ സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം പോളിന്റെ ഉത്തരവ്.
തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ ഓഫിസിലെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, ശബരിമല സെക്ഷന്‍ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍,  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ഓഫിസിലെ വിവരാവകാശ നിയമത്തിന്റെ അപ്പീല്‍ അധികാരി കൂടിയായ കമ്മീഷണര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ ശിക്ഷണ നടപടിയെടുക്കാനാണ് ഉത്തരവ്. മുന്‍ ദേവസ്വം ബോര്‍ഡ് മന്ത്രിയുടെ വിവരാവകാശ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാലുപേര്‍ കുറ്റകാരാണെന്നും എന്നാല്‍ സര്‍ക്കാര്‍ മാറിയപ്പോള്‍ മന്ത്രിയുടെ വിവരാകാശ ഉദ്യോഗസ്ഥനും മാറിയതുകൊണ്ട് മന്ത്രിയുടെ വിവരാവകാശ ഉദ്യോഗസ്ഥനെ ശിക്ഷണ നടപടിയില്‍ നിന്നും ഒഴിവാക്കി.
ശിക്ഷണ നടപടി സ്വീകരിക്കുന്നതിനു മുമ്പ് എന്തെങ്കിലും കാരണമുണ്ടെങ്കില്‍  15 ദിവസത്തിനകം ബോധിപ്പിക്കണമെന്നും സംസ്ഥാന മുഖ്യവിവരാവകാശ കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു. പത്തനംതിട്ട ആനപ്പാറ സ്വദേശി സി റഷീദാണ് അപേക്ഷകന്‍.  ആവശ്യപ്പെട്ട വിവരം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ദേവസ്വം മന്ത്രിയുടെ ഓഫിസിലെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ ഓഫിസിലെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, ശബരിമല സെക്ഷനിലെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ഓഫിസിലെ അപ്പീല്‍ അധികാരി എന്നിവരെ എതിര്‍കക്ഷിയാക്കി സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ക്ക് അപേക്ഷകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മുഖ്യ വിവരാവകാശ കമ്മീഷണറുടെ നടപടി.
ശബരിമല നടവരവിനെ പറ്റി വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് 03.11.2015ലാണ് ദേവസ്വം മന്ത്രിയുടെ ഓഫിസിലെ വിവരാവകാശ ഉദ്യോഗസ്ഥന് അപേക്ഷ നല്‍കിയത്. അപേക്ഷകന് ആവശ്യപ്പെട്ട വിവരം മന്ത്രിയുടെ ഓഫിസില്‍ ഇല്ലാത്തതുകൊണ്ട് അപേക്ഷകന്റെ അപേക്ഷയുടെ പകര്‍പ്പ് 25.11.2015ല്‍ മന്ത്രിയുടെ ഓഫിസില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.  എന്നിട്ടും മറുപടി അപേക്ഷകന് നല്‍കിയിട്ടില്ലെന്നും വിവരം നല്‍കാന്‍ വീഴ്ച വരുത്തിയെന്നും കമ്മീഷന്‍ കണ്ടെത്തി.
Next Story

RELATED STORIES

Share it