Flash News

വിഴിഞ്ഞം പദ്ധതി : രാഷ്ട്രീയകാര്യ സമിതിയില്‍ നേതാക്കള്‍ തമ്മില്‍ വാക്‌പോര്



തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയെ ചൊല്ലി കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ നേതാക്കള്‍ തമ്മില്‍ വാക്‌പോര്. ഇന്നലെ രാവിലെ ഇന്ദിരാഭവനില്‍ ചേര്‍ന്ന സമിതിയില്‍ വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ടെന്ന നിലപാടായിരുന്നു പ്രസിഡന്റ് എം എം ഹസന്‍ സ്വീകരിച്ചത്. സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ചര്‍ച്ച വേണോ എന്നായിരുന്നു ഹസന്റെ ചോദ്യം. എന്നാല്‍, ചര്‍ച്ച വേണമെന്ന നിലപാടിലായിരുന്നു ചില ഐ ഗ്രൂപ്പ് അംഗങ്ങള്‍. സംശയം ദുരീകരിക്കാന്‍ ചര്‍ച്ച നടക്കട്ടേയെന്ന് ഉമ്മന്‍ചാണ്ടിയും നിലപാടെടുത്തതോടെ നേതാക്കള്‍ വാക്‌പോരും ആരംഭിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവച്ച പദ്ധതിയെക്കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്തില്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആരോപിച്ചു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയകാര്യസമിതി വിളിച്ചുചേര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് ചെയ്തില്ലെന്ന് കെ മുരളീധരന്‍ ചോദിച്ചു. ഉമ്മന്‍ചാണ്ടിയെ ലക്ഷ്യമിട്ട് ചര്‍ച്ചയ്ക്ക് വട്ടംകൂട്ടിയ വിശാല ഐഗ്രൂപ്പിന് പദ്ധതിയെയും ഉമ്മന്‍ചാണ്ടിയെയും പൂര്‍ണമായി പിന്തുണച്ച് രംഗത്തെത്തിയ കെ മുരളീധരന്റെ നിലപാട് തിരിച്ചടിയായി. കരാറില്‍ സംശയങ്ങളുണ്ടെന്ന് പി സി ചാക്കോ പറഞ്ഞു.  ചാക്കോയുടെ അഭിപ്രായത്തെ വി ഡി സതീശനും പിന്തുണച്ചു. സര്‍ക്കാരിന്റെ വിശദീകരണം കേള്‍ക്കാതെയാണ് സിഎജി റിപോര്‍ട്ടെന്ന വാദം ശരിയല്ല. പാറയടക്കമുള്ളവയ്ക്ക് ഉയര്‍ന്ന നിരക്ക് കണക്കാക്കിയതടക്കമുള്ള സിഎജി കണ്ടെത്തലുകളെക്കുറിച്ച് ഉമ്മന്‍ചാണ്ടി മറുപടി നല്‍കിയിട്ടില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. വിഴിഞ്ഞം പദ്ധതിയില്‍ സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കപ്പെട്ടില്ലെന്നും അദാനി പോര്‍ട്‌സിന് നേട്ടമുണ്ടാവുന്നതാണ് കരാര്‍ വ്യവസ്ഥകളെന്നും വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ 23ന് നിയമസഭയുടെ മേശപ്പുറത്ത് വച്ച സിഎജി റിപോര്‍ട്ട്. ഇതേ തുടര്‍ന്ന് സിഎജി റിപോര്‍ട്ട് ഗൗരവതരമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വി എം സുധീരന്‍ രംഗത്തെത്തി. എന്നാല്‍, കരാര്‍ ഒപ്പിട്ടതില്‍ അഭിമാനിക്കുന്നുവെന്നായിരുന്നു ഉമ്മന്‍ചാണ്ടി നിലപാടെടുത്തത്. ഇതിനിടെയാണ് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ രാഷ്ട്രീയകാര്യസമിതി വിളിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് എം എം ഹസന് കത്ത്‌നല്‍കിയത്. ഉമ്മന്‍ചാണ്ടിയെ പ്രതിക്കൂട്ടിലാക്കാനായിരുന്നു ഇത്. എന്നാല്‍, ഇന്നലെ സമിതിയില്‍ വിഷയം ചര്‍ച്ചചെയ്തപ്പോള്‍ ചുരുക്കം ചിലര്‍ ഉമ്മന്‍ചാണ്ടിയെയും പദ്ധതിയെയും വിമര്‍ശിച്ചുവെന്നതല്ലാതെ പൊതുവായ വിമര്‍ശനം ഉമ്മന്‍ചാണ്ടിക്ക് ഏല്‍ക്കേണ്ടി വന്നില്ല. ക്രമക്കേട് ആരോപിക്കുകയും വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോവുകയും ചെയ്യുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റേത് ഇരട്ടത്താപ്പാണെന്ന് യോഗത്തിനുശേഷം കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ വാര്‍ത്താസമ്മേളനത്തി ല്‍ കുറ്റപ്പെടുത്തി. കരാറില്‍ അഴിമതിയുണ്ടെന്ന് ബോധ്യമുണ്ടെങ്കില്‍ കരാര്‍ റദ്ദാക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it