വിഴിഞ്ഞം തുറമുഖ നിര്‍മാണം: ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കമ്മീഷന്‍

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാര്‍ സംബന്ധിച്ച രേഖകള്‍ വിലയിരുത്തുന്നതില്‍ സിഎജിക്ക് പിശക് സംഭവിച്ചതായി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ ജുഡീഷ്യല്‍ കമ്മീഷന്റെ നിരീക്ഷണം. സിഎജിക്ക് പിഴവ് സംഭവിച്ചതായി സൂചിപ്പിച്ച കമ്മീഷന്‍ ഓഡിറ്റിങ് ഉദ്യോഗസ്ഥരെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടു. കമ്മീഷന്റെ ചോദ്യങ്ങള്‍ക്കുത്തരം നല്‍കാന്‍ പ്രാപ്തരായ ഉദ്യോഗസ്ഥരെയാവണം വിളിച്ചുവരുത്തേണ്ടതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
പദ്ധതി നിര്‍മാണം സംബന്ധിച്ച വ്യവസ്ഥകളെല്ലാം കേന്ദ്ര പ്ലാനിങ് കമ്മീഷന്‍ നിര്‍ദേശിച്ച മാതൃകാ കരാര്‍ (മോഡല്‍ ഓഫ് കണ്‍സ്ട്രക്ഷന്‍ എഗ്രിമെന്റ്-എംസിഎ) പ്രകാരമാണ്. അത് സിഎജിയുടെ കൂടി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും രേഖകളുടെ അടിസ്ഥാനത്തില്‍ മുന്‍ സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് കമ്മീഷനെ ബോധ്യപ്പെടുത്തി. നിര്‍മാണ കമ്പനിയുമായുള്ള അടിസ്ഥാന കരാര്‍ പോലും പരിശോധിക്കാതെയാണ് സിഎജി റിപോര്‍ട്ട് തയ്യാറാക്കിയതെന്നത് മനസ്സിലാക്കിയതോടെയാണ് സിഎജി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നത് പരിഗണിക്കുമെന്ന സൂചന നല്‍കിയത്. താല്‍പര്യപത്രം വാങ്ങിയ അഞ്ചു കമ്പനികളില്‍ ഒന്ന് മാത്രമാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചത്. ഇവര്‍ക്കു മാത്രമായി ടെന്‍ഡര്‍ വ്യവസ്ഥകള്‍ മാറ്റിയിട്ടില്ലെന്നും കമ്മീഷന് ബോധ്യമായി. ഭൂമി ഈടുവയ്ക്കാന്‍ അവകാശം നല്‍കിയതും 30% ഭൂമി വ്യാപാര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയതും കേന്ദ്ര ആസൂത്രണ കമ്മീഷന്റെ മാതൃകാ കരാറിന്റെ അടിസ്ഥാനത്തിലാണ്.
ഈ മാതൃകാ കരാര്‍ ഗജേന്ദ്ര ഹാല്‍ദിയ എന്ന വ്യക്തി തയ്യാറാക്കിയതാണെന്നും അത് പിന്തുടരാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്നുമുള്ള വാദം സി ആര്‍ നീലകണ്ഠന്‍ അടക്കമുള്ളവര്‍ ഉന്നയിച്ചെങ്കിലും കമ്മീഷന്‍ അംഗീകരിച്ചില്ല. കരാര്‍ വ്യവസ്ഥകള്‍ വേണ്ടത്ര പഠിക്കാതെയാണ് പലയിടത്തും സിഎജി നഷ്ടക്കണക്കുകള്‍ കൂട്ടിയിരിക്കുന്നത്. കമ്മീഷന്റെ ചില നിരീക്ഷണങ്ങള്‍ സിഎജിയുടെ വിശ്വാസ്യതതന്നെ ചോദ്യംചെയ്യുന്നതാണെന്ന പരാമര്‍ശവും കമ്മീഷന്‍ ചെയര്‍മാന്റെ ഭാഗത്തുനിന്നുമുണ്ടായി.
ഏപ്രില്‍16,19, 23,26 തിയ്യതികളില്‍ സിറ്റിങ് തുടരും. മെയ് പകുതിയോടെ സിറ്റിങ് അവസാനിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it