Flash News

വിഴിഞ്ഞം തുറമുഖപദ്ധതി ഉപേക്ഷിക്കുമെന്ന് ആരും കരുതേണ്ട ; വിഎസിന് മുഖ്യമന്ത്രിയുടെ മറുപടി



തിരുവനന്തപുരം: അഴിമതി ആരോപണങ്ങളുടെയും വിവാദങ്ങളുടെയും പേരില്‍ വിഴിഞ്ഞം തുറമുഖ പദ്ധതി ഉപേക്ഷിക്കുമെന്ന് ആരും കരുതേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായുള്ള ബര്‍ത്ത് ടെര്‍മിനല്‍ നിര്‍മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അന്വേഷണം പൂര്‍ത്തിയാവും വരെ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യൂതാനന്ദന്‍ കത്തുനല്‍കിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കരാറില്‍ അഴിമതി നടന്നുവെന്ന പരാതിയില്‍ അന്വേഷണം നടക്കും. അതോടൊപ്പം തുറമുഖ നിര്‍മാണവും നടക്കും. അന്വേഷണത്തിന് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. ഏതെങ്കിലും അഴിമതിയുണ്ടെന്ന് കണ്ടെത്തിയാല്‍ ആ പഴുത് അടയ്ക്കും. കേരളത്തിന്റെ സ്വപ്‌നപദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്നും ഇത് യാഥാര്‍ഥ്യമായാല്‍ ചരക്കുനീക്കത്തിന്റെയും കപ്പല്‍ വ്യവസായത്തിന്റെയും അന്താരാഷ്ട്ര ഹബ്ബായി കേരളം മാറുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ വികസനം മുന്‍നിര്‍ത്തിയുള്ള ദീര്‍ഘകാല പദ്ധതിയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വിഴിഞ്ഞം പദ്ധതി. ലോകത്തെ ഏറ്റവും വലിയ കപ്പലിനുവരെ ഇവരെ നങ്കൂരമിടാനാവും. എന്നാല്‍, ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ വാര്‍ത്തകള്‍ വരുന്നുണ്ട്. ഇടയ്ക്കിടെ വിവാദങ്ങളു—ണ്ടാവുമ്പോള്‍ നാട് ചര്‍ച്ച ചെയ്യും. വിഴിഞ്ഞം പദ്ധതിയില്‍ അഴിമതിയുണ്ടെങ്കില്‍ അവ അന്വേഷണത്തിലൂടെ കണ്ടെത്തും. പദ്ധതി പ്രതീക്ഷിച്ച വേഗതയില്‍ പൂര്‍ത്തീകരിക്കും. പദ്ധതിക്കാവശ്യമായ തിരുവനന്തപുരം- നാഗര്‍കോവില്‍ റെയില്‍പാത യാഥാര്‍ഥ്യമാക്കും. കേന്ദ്ര അനുമതി ലഭിച്ചാല്‍ റെയില്‍പാതയ്ക്ക് ഭൂമി ഏറ്റെടുക്കാനുള്ള നടപടി തുടങ്ങും. 220 കെവി വൈദ്യതി ലഭ്യമാക്കാനുള്ള പദ്ധതിയും കുടിവെള്ള പ്ലാന്റും വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് ഭൂമി വിട്ടുനല്‍കിയ നാട്ടുകാരെ മുഖ്യമന്ത്രി പ്രശംസിച്ചു.
Next Story

RELATED STORIES

Share it