palakkad local

വിളയൂരിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ നാഴികക്കല്ലായി ഗവ. ഹൈസ്‌കൂള്‍

പട്ടാമ്പി: പാലക്കാട്- മലപ്പുറം ജില്ലാതിര്‍ത്തിയായ വിളയൂരിലെ തൂതപ്പുഴയോരത്ത് മുസ്്‌ലിം ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ആരംഭിച്ച വിദ്യാലയമാണ് വിളയൂര്‍ ഗവ. ഹൈസ്‌കൂള്‍. ഒരു നൂറ്റാണ്ടായി വിദ്യാഭ്യാസപുരോഗതിയില്‍ നിര്‍ണായകമായ പങ്ക് വഹിച്ചുവരികയാണ് ഈ സ്‌കൂള്‍. ബ്രിട്ടീഷുകാരുടെ കാലത്ത് മുസ്്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് പരിഹാരം കാണാനായിട്ടാണ് സ്‌കൂള്‍ ആരംഭിച്ചത്.
1870ല്‍ വിളയൂര്‍ പുളിഞ്ചോട്ടില്‍ മുസ്്‌ലിം മതപഠനത്തിനായുള്ള മദ്രസയായാണ് തുടക്കം. മുസ്്‌ലിം വിദ്യാഭ്യാസം ജനസംഖ്യാനുപാതികമായി വര്‍ധിപ്പിക്കാനുള്ള ബ്രിട്ടീഷ് തീരുമാനപ്രകാരമായിരുന്നു മദ്രസ സ്‌കൂളായി മാറിയത്. 1910 മുതല്‍, ലോവര്‍ എലിമെന്ററി സ്‌കൂളായി ഈ മദ്രസ മാറി. 1968-69 കാലഘട്ടത്തില്‍ ആറാം തരവും 1969-70 കാലഘട്ടത്തില്‍ ഏഴാം തരവും ആരംഭിച്ചു. 2010 മുതല്‍ ഹൈസ്‌കൂളായി മാറി. തുടക്കത്തില്‍, മദ്രസകൂടിയുണ്ടായതിനാല്‍ അതിരാവിലെ അധ്യയനം തുടങ്ങിയിരുന്നു. രാവിലെ ഒന്‍പതുമണിവരേ മദ്രസാപഠനവും തുടര്‍ന്ന് അധ്യയനവും നടക്കുമായിരുന്നു. പാഠപുസ്തകങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്ത് മരപ്പലകയില്‍ കൂര്‍പ്പിച്ച മുളക്കോല്‍ കൊണ്ടാണ് കുട്ടികള്‍ എഴുതിപ്പഠിച്ചിരുന്നത്. അറബിമലയാളം ഭാഷയിലായിരുന്നു അധ്യയനം. സ്‌കൂളില്‍ ബ്രിട്ടീഷ് രജ്ഞിയെ സ്തുതിക്കുന്ന പ്രാര്‍ഥനയും പതിവായിരുന്നു. 1920-25 കാലത്ത് അഞ്ചാം ക്ലാസില്‍നിന്ന് സ്വര്‍ണമെഡല്‍ നേടി മുസ്്‌ലിം പെണ്‍കുട്ടികള്‍ പഠനം പൂര്‍ത്തിയാക്കിയിരുന്നു. അക്കാലത്ത് അധ്യാപകയോഗ്യതയും അഞ്ചാം ക്ലാസാണ്. ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്റ്റിറ്റിയൂഷന്‍ മദ്രാസിന്റെ കീഴിലായിരുന്നു സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതിന്റെ കീഴിലുള്ള ബോര്‍ഡ് മാപ്പിള സ്‌കൂളായിട്ടായിരുന്നു തുടക്കം. യുപി വിഭാഗം ആരംഭിച്ച 1970 കാലഘട്ടത്തില്‍ കെട്ടിടങ്ങളുടെ അഭാവം വലിയ പ്രതിസന്ധി ഉയര്‍ത്തിയിരുന്നു.
അധ്യാപകനായിരുന്ന കെ പി രാമന്‍, പൊതുപ്രവര്‍ത്തകനായിരുന്ന പുഴക്കല്‍ സൈയ്താലിയെന്ന വാപ്പു തുടങ്ങിയവരുടെ ഇടപെടലിലൂടെയാണ് പ്രതിസന്ധികളെ തരണം ചെയ്തത്.
ഇന്ന് എല്‍പി, യുപി സെക്ഷനുകളിലായി 27 ഡിവിഷനുകളുണ്ട്. 36 അധ്യാപകരും രണ്ട് അനധ്യാപകരും സേവനമനുഷഠിക്കുന്നു. ആയിരത്തോളം വിദ്യാര്‍ഥികളും പഠിക്കുവാന്‍ എത്തുന്നു. 2010ലാണ് ആര്‍എംഎസ് പദ്ധതിപ്രകാരം സ്‌കൂളിനെ ഹൈസ്‌കൂളാക്കി ഉയര്‍ത്തിയത്. ബ്രിട്ടിഷുകാര്‍ ഗൂര്‍ഖാ പട്ടാളത്തിന് താവളമൊരുക്കിയിരുന്ന വിളയൂര്‍ ബംഗ്ലാവുകുന്നിലാണ് രണ്ടുനിലക്കെട്ടിടം നിര്‍മിക്കുന്നത്. പുതിയ സ്ഥലത്ത് മുന്‍ പട്ടാമ്പി  എംഎല്‍എ സിപി  മുഹമ്മദിന്റൈ ആസ്തതി  വികസന ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായി. മറ്റ് കെട്ടിടങ്ങളുടെ പണി പുരോഗമിക്കുകയാണ്.
Next Story

RELATED STORIES

Share it