വില്ലേജ് ഓഫിസുകള്‍ സ്്മാര്‍ട്ടാവുന്നു

തിരുവനന്തപുരം: ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചു വേഗത്തില്‍ സേവനം നല്‍കുന്ന തരത്തില്‍ വില്ലേജ് ഓഫിസുകളെ സമാര്‍ട്ടാക്കാനൊരുങ്ങി റവന്യൂ വകുപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 50 വില്ലേജ് ഓഫിസുകളെ ആദ്യഘട്ടത്തില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫിസാക്കാനായി തിരഞ്ഞെടുത്തു. പുതിയ കെട്ടിടവും ആധുനിക സംവിധാനങ്ങളും ഒരുക്കുന്നതിന് ഓരോ വില്ലേജ് ഓഫിസിനും 44 ലക്ഷം രൂപ വീതം നല്‍കും. 1200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് നിര്‍മിക്കുക. നിലവില്‍ ഭൂമിയുണ്ടെങ്കില്‍ അവിടെ പുതിയ കെട്ടിടം നിര്‍മിക്കും. അല്ലാത്തിടത്തു റവന്യൂ പുറമ്പോക്കു ഭൂമിയില്‍ കെട്ടിടം നിര്‍മിക്കും.
മന്ത്രി ഇ ചന്ദ്രശേഖരന്റെ നിര്‍ദേശമനുസരിച്ചു പദ്ധതിക്ക് ആവശ്യമായ തുകയ്ക്കു ഭരണാനുമതി നല്‍കി. സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളില്‍ എത്തുന്നവര്‍ക്ക്് ഇടുങ്ങിയ മുറിക്കു മുന്നില്‍ ക്യൂ നില്‍ക്കേണ്ടി വരില്ല. കാത്തിരിക്കാന്‍ ഇരിപ്പിടങ്ങളും ഫോം പൂരിപ്പിക്കുന്നതിന് ബാങ്ക് മാതൃകയിലുള്ള സംവിധാനവും ശുദ്ധജലവും ടോയ്‌ലറ്റുമെല്ലാം ഒരുക്കും. ജീവനക്കാര്‍ക്ക് ഹാഫ് കാബിന്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടാവും. ഇ ഫയലിങ് സമ്പ്രദായവും പരിഗണനയിലുണ്ട്്.
നേരത്തേ 34 വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ട് ആക്കാന്‍ തുക അനുവദിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ ഒരു വില്ലേജിനു 10 ലക്ഷം രൂപയായിരുന്നു അനുവദിച്ചത്. പിന്നീട് 20 വില്ലേജ് ഓഫിസുകള്‍ക്കായി 9.7 കോടി രൂപ നല്‍കി. ഈ വര്‍ഷത്തെ പദ്ധതി തുകയില്‍ പെടുത്തി 80 വില്ലേജ് ഓഫിസ് കെട്ടിടങ്ങള്‍ നവീകരിച്ച് ആധുനിക സൗകര്യങ്ങള്‍ ഒരുക്കും. ഇതിനായി അഞ്ചു ലക്ഷം രൂപ വീതം നല്‍കും. തീരെ സൗകര്യമില്ലാത്ത 100 വില്ലേജ് ഓഫിസുകളില്‍ കൂടുതല്‍ മുറികള്‍ നിര്‍മിക്കും. ഇതിനായി 10 ലക്ഷം രൂപ വീതം നല്‍കും.
Next Story

RELATED STORIES

Share it