Idukki local

വില്ലേജ് ഓഫിസര്‍മാര്‍ നല്‍കിയ റിപോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ പൂഴ്ത്തി



നെടുങ്കണം: കരുണാപുരം വില്ലേജില്‍ നിന്നു ലഭിച്ചെന്ന പേരില്‍ കരം അടച്ച വ്യാജ രശീതിയുണ്ടാക്കി ബാങ്കില്‍ സമര്‍പ്പിച്ച സംഭവത്തില്‍ വില്ലേജ് ഓഫിസര്‍മാരുടെ റിപോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ പൂഴ്ത്തി. കൃത്യമായി അന്വേഷണം നടത്തി കരുണാപുരം, പാറത്തോട് വില്ലേജ് ഓഫിസര്‍മാര്‍ ഉടുമ്പന്‍ചോല താലൂക്ക് ഉന്നതാധികാരികള്‍ക്കു റിപോര്‍ട്ട് നല്‍കിയിരുന്നതാണ്. എന്നാല്‍, നടപടിയുണ്ടായില്ല. മൂന്ന് പേജുള്ള റിപോര്‍ട്ടാണ് കരുണാപുരം വില്ലേജ് ഓഫിസര്‍ താലൂക്ക് ഓഫിസില്‍ നല്‍കിയത്. കരുണാപുരം വില്ലേജ് ഓഫിസറുടെ റിപോര്‍ട്ടിലെ വിവരങ്ങള്‍ ഇങ്ങനെ: 2017 ജൂണ്‍ 21ന് നെടുങ്കണ്ടം ഫെഡറല്‍ ബാങ്ക് ശാഖയില്‍ നിന്നു വില്ലേജിലെ ജീവനക്കാരിയായ എം .ആര്‍ ബിന്ദുവിന്റെ മൊബൈല്‍ ഫോണിലേക്ക് അഞ്ച് കരംകെട്ടിയ രസീതുകളുടെ പകര്‍പ്പ് അയച്ചു. രസീതുകളുടെ നിജസ്ഥിതി അറിയണമെന്നതായിരുന്നു ആവശ്യം. 520, 1640, 1862, 2063, 2130 എന്നീ തണ്ടപ്പേരുകളില്‍ കരംകെട്ടിയ രശീതികളുടെ പകര്‍പ്പാണ് ബാങ്കില്‍ നിന്ന് ലഭിച്ചത്. കരുണാപുരം കലവനാല്‍ ബെന്നി ജോസഫ്, കരുണാപുരം തുരുത്തേല്‍ ഗീതാ സുരേഷ്, തുരുത്തേല്‍ സുരേഷ്, ബിന്ദു കലവനാല്‍, ജോസഫ് കലവനാല്‍ എന്നിവരുടെ പേരിലായിരുന്നു രശീതികള്‍. കരുണാപുരം വില്ലേജിലെ രേഖയില്‍ 1520 എന്ന തണ്ടപ്പേരില്‍ വെള്ളക്കല്ലുങ്കല്‍ ചെല്ലപ്പന്‍,1640 തണ്ടപ്പേരില്‍ കമ്പംമെട്ട് അമ്പതേക്കര്‍ സ്വദേശി എസ്.രാജ്, 1862 തണ്ടപ്പേരില്‍ ദേവസ്യ ഉലഹന്നാല്‍ കൊച്ചറ,2063 കണ്ടപ്പേരില്‍ കമ്പംമെട്ട് കുട്ടന്‍തറയ്ക്കല്‍ വര്‍ഗീസ്, 2130 എന്ന തണ്ടപ്പേരില്‍ മുഹമ്മദാലി എന്നിവരുടെ പേരിലാണെന്ന് ബോധ്യമായി. 2130 എന്ന തണ്ടപ്പേരിലുള്ള വസ്തുവിന് അയണിമൂട്ടില്‍ സരോജം 0.0081 ഹെക്ടര്‍ വസ്തുവിന് നേരത്തെ കരം കെട്ടിയിട്ടുള്ളതായും രേഖയുണ്ട്. നെടുങ്കണ്ടം ഫെഡറല്‍ ബാങ്കില്‍ നിന്നു ലഭിച്ച കരം കെട്ടിയ രസീതുകള്‍, പാറത്തോട് വില്ലേജിലേക്ക് ഇടുക്കി കലക്ടേറ്റില്‍ നിന്ന് അനുവദിച്ചതാണെന്ന് കണ്ടെത്തിയതോടെ ഇവ വ്യാജമാണെന്ന് വില്ലേജ് ഓഫിസര്‍ ബാങ്ക് അധികൃതരെ അറിയിച്ചു. ഫെഡറല്‍ ബാങ്കിന്റെ തൃശൂര്‍ ബ്രാഞ്ചില്‍ സമര്‍പ്പിച്ച രേഖകള്‍ നെടുങ്കണ്ടം ബ്രാഞ്ച് മുഖേന പരിശോധിക്കാന്‍ ലഭിച്ചതാണെന്നും വില്ലേജ് ഓഫിസറുടെ റിപോര്‍ട്ടിലുണ്ട്. വ്യാജ രേഖ നിര്‍മിച്ച സംഭവത്തില്‍ പോലിസ് അന്വേഷണം അത്യാവശ്യമാണെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് റിപോര്‍ട്ട് അവസാനിപ്പിക്കുന്നത്. പാറത്തോട് വില്ലേജ് ഓഫിസറുടെ റിപോര്‍ട്ട് ഇങ്ങനെ: കരുണാപുരം വില്ലേജിലേതെന്ന് പറഞ്ഞ് ബാങ്കില്‍ ഹാജരാക്കിയ വ്യാജകരം കെട്ടിയ രസീതുകളുടെ ബുക്ക് നമ്പര്‍ പാറത്തോട് വില്ലേജിലേക്ക് കലക്ടേറ്റില്‍ നിന്ന് അനുവദിച്ചതാണ്. 45873 എന്ന ബുക്കിലെ 4587259 മുതല്‍ 4587263 വരെയുള്ള രസീതുകള്‍ 1171, 503/19, 685/51, 4072/51, 4073/51 എന്നീ തണ്ടപ്പേരുകളിലുള്ളതാണെന്നും വിശദീകരിക്കുന്നു. കരുണാപുരം, പാറത്തോട് വില്ലേജ് ഓഫിസര്‍മാരുടെ റിപോര്‍ട്ടുകളില്‍ നിന്ന് വ്യാജ കരംകെട്ടിയ രശീതിയാണ് ബാങ്കുകളിലെത്തിയതെന്ന് വ്യക്തമായിട്ടും നടപടിയില്ലാത്തതു ദുരൂഹമാണ്. പണം തട്ടാന്‍ ശ്രമം, വ്യാജ രേഖ നിര്‍മിക്കല്‍, വില്ലേജ് ഓഫിസിലെ സീലും ഒപ്പും വ്യാജമായി ഉണ്ടാക്കി, ഇത്തരത്തില്‍ ക്രമിനല്‍ കുറ്റം നടന്ന കേസായിട്ടുപോലും പോലിസിന് കൈമാറാത്തത് സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന സംശയം ജനിപ്പിക്കുന്നു. എന്നാല്‍, സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നു വിവരമുണ്ട്.
Next Story

RELATED STORIES

Share it