Flash News

വിരമിച്ച സൈനികനോട് പൗരത്വം തെളിയിക്കാന്‍ ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍



ന്യൂഡല്‍ഹി: 30 വര്‍ഷം ഇന്ത്യന്‍ സൈന്യത്തില്‍ ജോലിയെടുത്ത അസം സ്വദേശിയെ ബംഗ്ലാദേശ് കുടിയേറ്റക്കാരനായി മുദ്രകുത്തി സംസ്ഥാന പോലിസ്. സൈന്യത്തിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസറായി കഴിഞ്ഞ വര്‍ഷം സര്‍വീസില്‍ നിന്നു വിരമിച്ച മുഹമ്മദ് അസ്മല്‍ ഹഖിനെയാണ് അസം പോലിസ് ബംഗ്ലാദേശില്‍ നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരനാക്കിയത്. ഇതേത്തുടര്‍ന്ന്, നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി സ്ഥാപിച്ച ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ അസ്മല്‍ ഹഖിനോട് പൗരത്വം തെളിയിക്കുന്ന രേഖകളുമായി ഈ മാസം 13ന് ട്രൈബ്യൂണല്‍ മുമ്പാകെ ഹാജരാവണമെന്നു നിര്‍ദേശം നല്‍കിയിരിക്കുകയാണ്.“സംശയമുള്ള വോട്ടര്‍മാരുടെ’ പട്ടികയിലാണ് ഹഖിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2016 സപ്തംബര്‍ 30നാണ് മുഹമ്മദ് സൈന്യത്തില്‍ നിന്നു വിരമിച്ചിരുന്നത്. 1986ല്‍ മെക്കാനിക്കല്‍ എന്‍ജിനീയറായി സൈന്യത്തില്‍ കയറിയ മുഹമ്മദ് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസറായാണ് വിരമിച്ചിരുന്നത്.അസ്മല്‍ ഹഖ് ഇന്ത്യന്‍ സൈന്യത്തില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായി ചണ്ഡീഗഡില്‍ സേവനമനുഷ്ഠിക്കുകയായിരുന്ന 2012ല്‍ അദ്ദേഹത്തിന്റെ ഭാര്യ മുംതാസ് ബീഗത്തോടും പൗരത്വം തെളിയിക്കാന്‍ ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് മുംതാസിനെ ഇന്ത്യക്കാരിയായി അംഗീകരിക്കാന്‍ സമര്‍പ്പിച്ച രേഖയില്‍ ഭര്‍ത്താവായി ഹഖിന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു. 1971ല്‍ രേഖകളൊന്നും കൂടാതെ ഇന്ത്യയിലെത്തിയ ആളാണ് ഹഖെന്നാണ് ട്രൈബ്യൂണലിന്റെ കണ്ടെത്തല്‍. എന്നാല്‍, തന്റെ പിതാവ് മഖ്ബൂല്‍ അലിയുടെ പേര് 1966ലെ വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉണ്ടെന്നും 1961-62 വര്‍ഷത്തെ വില്ലേജ് സര്‍വേയിലും പേരുണ്ടായിരുന്നെന്നു ഹഖ് വ്യക്തമാക്കുന്നു. തന്റെ മാതാവ് റഹിമുന്നിസയുടെ പേര് 1951ലെ നാഷനല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സിലുണ്ടെന്നും (എന്‍ആര്‍സി) അദ്ദേഹം പറയുന്നു. 1968ല്‍ കാംരൂപ് ജില്ലയിലാണ് മുഹമ്മദ് അസ്മല്‍ ഹഖിന്റെ ജനനം. ഇദ്ദേഹത്തിന്റെ മക്കളിലൊരാള്‍ ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യന്‍ മിലിറ്ററി കോളജ് വിദ്യാര്‍ഥിയാണ്. ജൂലൈയില്‍ അസമിലെ കോണ്‍സ്റ്റബിളായ അബൂ താഹിര്‍ അഹ്മദ് എന്നയാളോടും പൗരത്വം തെളിയിക്കാന്‍ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍  ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it