Kollam Local

വിരമിക്കല്‍ പ്രായം തിരുത്തി ജോലിയില്‍ നിന്നും പുറത്താക്കി

തെന്‍മല: റിയ എസ്‌റ്റേറ്റിലെ തൊഴിലാളിയെ ലീവ് ബുക്കില്‍ മാറ്റം വരുത്തി ജോലിയില്‍നിന്ന് പുറത്താക്കിയതായി പരാതി. എസ്‌റ്റേറ്റിലെ ജോലിക്കാരിയായിരുന്ന ഓമനയാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. ഇവരുടെ ലീവ് ബുക്കില്‍ ആദ്യം രേഖപ്പെടുത്തിയിരുന്ന വിരമിക്കല്‍ വര്‍ഷം 2023 ആണ്. എന്നാല്‍ ആ ലീവ് ബുക്ക് വാങ്ങിയിട്ട് റിയ എസ്‌റ്റേറ്റ് ഇവര്‍ക്ക് പകരമായി കൊടുത്ത ബുക്കില്‍ 2017 ആണ് വിരമിക്കല്‍ വര്‍ഷമായി രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. 2003ല്‍ എസ്‌റ്റേറ്റ് വാങ്ങുമ്പോള്‍ അന്നുണ്ടായിരുന്ന തൊഴിലാളികളെയും ചേര്‍ത്തുള്ള കരാറിലാണ് വാങ്ങിയെതെന്നും അതിനാല്‍ ഹാരിസണ്‍ അംഗീകരിച്ച വിരമിക്കല്‍ തിയ്യതിയില്‍ എങ്ങനെ മാറ്റംവരുത്താന്‍ കഴിയുമെന്നുമാണ് പരാതിക്കാരി ചോദിക്കുന്നത്.
അങ്ങനെയാണെകില്‍ എല്ലാവരുടെയും വിരമിക്കല്‍ തിയ്യതിയില്‍ മാറ്റം കാണണം. ഇന്ത്യന്‍ ഡ്രൈവേഴ്‌സ് സൊസൈറ്റിയുടെ സഹായത്തോടെ ഇവര്‍ ഇതുമായി ബന്ധപ്പെട്ട പരാതി തെന്മല പോലിസില്‍ നല്‍കി. ഓമനയും രോഗിയായ ഭര്‍ത്താവ് രാമചന്ദ്രനും പെണ്‍മക്കളുമടങ്ങിയതാണ് ഇവരുടെ കുടുംബം. സാധാരണയായി ജോലിയില്‍നിന്ന് വിരമിക്കുമ്പോള്‍ മക്കള്‍ക്ക് ജോലി ലഭിക്കാറുണ്ടെന്നും എന്നാല്‍ കമ്പനി അധികാരികള്‍ അതിനും തയ്യാറല്ലെന്നും ഇവര്‍ പറയുന്നു.എന്നാല്‍ ഇപ്പോള്‍ കമ്പനി പെന്‍ഷന്‍ പ്രായം നിശ്ചയിക്കുന്നത് തൊഴിലാളികളുടെ സ്‌കൂള്‍രേഖ പ്രകാരമാണെന്ന് എസ്‌റ്റേറ്റ് അധികൃതര്‍ പറയുന്നു. സ്‌കൂള്‍രേഖ പ്രകാരം ഓമനയുടെ വിരമിക്കല്‍ 2017 ആയിരുന്നു. എന്നാല്‍ അവരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ഒരുവര്‍ഷം ജോലി നീട്ടിനല്‍കി. സ്‌കൂള്‍ രേഖയില്‍ മാറ്റം കണ്ടതിനാലാണ് പിന്നീട് ലീവ് ബുക്കില്‍ മാറ്റം വരുത്തിയെതെന്നും ഇവര്‍ പറയുന്നു. ഓമന വിരമിച്ചെങ്കിലും അവരോട് കമ്പനി ലയത്തില്‍നിന്ന് ഉടനെ ഇറങ്ങാന്‍ ആവശ്യപ്പെട്ടില്ലെന്നും എസ്‌റ്റേറ്റ് അധികാരികള്‍ പറഞ്ഞു. ഇവരുടെ ഒഴിവില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റാനാണ് ശ്രമിക്കുന്നതെന്ന് ഇന്ത്യന്‍ െ്രെഡവേഴ്‌സ് സൊസൈറ്റി നേതാവായ തെന്മല രാജന്‍ ആരോപിച്ചു.




















Next Story

RELATED STORIES

Share it