thiruvananthapuram local

വിമാനത്താവളത്തിലെ ടാറിങ് പ്ലാന്റ്: പ്രതിഷേധവുമായി നാട്ടുകാര്‍

തിരുവനന്തപുരം: വിമാനത്താവളത്തില്‍ ടാറിങ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ടാറിങ് പ്ലാന്റാണ് വള്ളക്കടവ് വയ്യാമൂല ഭാഗത്ത് താമസിക്കുന്ന നാട്ടുകാര്‍ക്ക് ശല്യമാവുന്നത്.
പ്ലാന്റില്‍ നിന്നു പുറത്തേക്കു വരുന്ന പുക ശ്വസിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശ്വാസകോശ ബുദ്ധിമുട്ടുകളും ത്വഗ്‌രോഗങ്ങളും വന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വള്ളക്കടവ്, പതിനാറു കല്‍മണ്ഡപം, ദേവീനഗര്‍, വയ്യാമൂല എന്നീ പ്രദേശമാകെ കറുത്ത പുക തളംകെട്ടിനില്‍ക്കുന്ന അവസ്ഥയാണുള്ളത്.
ആദ്യഘട്ടത്തില്‍ നാട്ടുകാര്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് തല്‍ക്കാലം പ്രവര്‍ത്തനം നിര്‍ത്തിവച്ച പ്ലാന്റ് കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് നാട്ടുകാര്‍ ജില്ലാ കലക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫിസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് ജനകീയ കണ്‍വെന്‍ഷന്‍ വിളിച്ചുകൂട്ടി ആക്ഷന്‍ കൗണ്‍സിലിന് രൂപം നല്‍കി. ഇന്നലെ രാവിലെ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അറിഞ്ഞതോടെ നാട്ടുകാര്‍ സ്ഥലത്ത് തടിച്ചുകൂടി പ്ലാന്റ് പ്രവര്‍ത്തനം തടയാനുള്ള തയ്യാറെടുപ്പ് നടത്തി. തുടര്‍ന്ന് കലക്ടര്‍, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളെ ചര്‍ച്ചയ്ക്കു വിളിച്ച് പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പു നല്‍കി.
ഇന്നലെ വൈകീട്ട് നടന്ന ചര്‍ച്ചയില്‍ പരിസരവാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തില്‍ മതിയായ ക്രമീകരണങ്ങള്‍ നടത്തിയ ശേഷം മാത്രം പ്ലാന്റ് പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് കലക്ടര്‍ അധികൃതരോട് നിര്‍ദേശിച്ചു. കൂടാതെ രണ്ടു ദിവസത്തിനുള്ളില്‍ സ്ഥലം സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ ചെയ്യാമെന്ന് ഉറപ്പും നല്‍കി. ജനങ്ങളുടെ സൈ്വരജീവിതത്തിനും ആരോഗ്യത്തിനും ഭീഷണിയായി പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചാല്‍ ശക്തമായ പ്രതിഷേധസമരവുമായി മുന്നോട്ടുപോകുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.
ചര്‍ച്ചയില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷാജിത നാസര്‍, വിമാനത്താവള ഡയറക്ടര്‍ ജോര്‍ജ് തരകന്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഗണേശന്‍, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ എ സൈഫുദ്ദീന്‍ ഹാജി, എന്‍ വിക്രമന്‍ നായര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it