kannur local

വിമാനത്താവളം നിയമനം: സുതാര്യത ഉറപ്പെന്ന് ഇ പി ജയരാജന്‍

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിയമനങ്ങള്‍ തീര്‍ത്തും സുതാര്യമായിരിക്കുമെന്നും യാതൊരുവിധ രഹസ്യ സ്വഭാവവുമുണ്ടായിരിക്കില്ലെന്നും ഇ പി ജയരാജന്‍ എംഎല്‍എ. കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ഏരിയാ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് മാതൃകയായ പുനരധിവാസ പാക്കേജാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. പുനരധിവാസ കുടുംബങ്ങള്‍ക്ക് യോഗ്യതയ്ക്കനുസരിച്ച് വിമാനത്താവള കമ്പനിയിലും അനുബന്ധ സ്ഥാപനങ്ങളിലും ജോലി നല്‍കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ജോലി നല്‍കുന്നതില്‍ കാലതാമസമുണ്ടായിട്ടുണ്ട്. ഇക്കാരണത്താല്‍ പാക്കേജ് പ്രകാരം തൊഴില്‍പ്രതീക്ഷിച്ചവര്‍ അസ്വസ്ഥരാണ്.
എന്നാല്‍ ആര്‍ക്കും ആശങ്കയുണ്ടാവേണ്ടതില്ല. മുഴുവന്‍ കുടുംബങ്ങള്‍ക്കും പാക്കേജില്‍ പറഞ്ഞതിന് അനുസൃതമായി എല്‍ഡിഎഫ് സര്‍ക്കാര്‍ തൊഴില്‍ നല്‍കിയിരിക്കും. മുമ്പ് യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ചിലര്‍ക്ക് തോന്നിയതുപോലെ രഹസ്യമായി ജോലി നല്‍കിയിട്ടുണ്ട്. അത് ഇനിയുണ്ടാവില്ല. കേരളത്തിലെ ഏറ്റവും ആധുനികമായ വിമാനത്താവളമാണ് കണ്ണൂരിലേത്. ഓണത്തിന് മുമ്പ് ആഭ്യന്തരസര്‍വീസ് ആരംഭിച്ചുകൊണ്ട് വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിക്കും. അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ കാര്‍ഷിക, വ്യവസായ, വാണിജ്യ മേഖലയിലുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ ലഭ്യമാകും.
തൊഴില്‍ രഹിതരായ യുവതീയുവാക്കളെ റിക്രൂട്ട് ചെയ്ത് തൊഴില്‍ ലഭ്യമാക്കാനുള്ള ആശ്രയ കേന്ദ്രമായി മാറാന്‍ കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ഏരിയാ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിക്ക് സാധ്യമാവുമെന്നും പറഞ്ഞു. തലശ്ശേരി റോഡ് എച്ച്‌കെ സിറ്റി സെന്ററിലാണ് ഓഫിസ്.
പ്രസിഡന്റ് പി പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു.
നിക്ഷേപസ്വീകരണം നഗരസഭാ ചെയര്‍മാന്‍ അനിതാ വേണുവും കംപ്യൂട്ടര്‍ വല്‍ക്കരണം അസി. രജിസ്ട്രാര്‍ എം കെ ദിനേശ്ബാബുവും ഉദ്ഘാടനം ചെയ്തു. യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ എ ബാലകൃഷ്ണന്‍, ഡോ. എ ജോസഫ്, കെ കെ കുഞ്ഞിക്കണ്ണന്‍, സി വി ശശീന്ദ്രന്‍, കെ മോഹനന്‍, പി കെ മുഹമ്മദ്, എം പുരുഷോത്തമന്‍, പി എം രാജന്‍, എം വി സരള, കെ ശ്രീധരന്‍, വൈസ്പ്രസിഡന്റ് സി സജീവന്‍, സെക്രട്ടറി കെ പി സൂരജ് സംസാരിച്ചു.
Next Story

RELATED STORIES

Share it