Flash News

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചെന്നിത്തലയുടെ പടയൊരുക്കം തുടങ്ങി



അബ്ദുര്‍റഹ്മാന്‍   ആലൂര്‍

കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയും യുഡിഎഫിനെതിരേയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഒരുമാസം നീളുന്ന പടയൊരുക്കം ജാഥ മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പളയില്‍ നിന്നാരംഭിച്ചു. ഇന്നലെ വൈകീട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി പടയൊരുക്കം യാത്ര ഉദ്ഘാടനം ചെയ്തു. ഇടതുമുന്നണിയും ബിജെപിയും ജാഥകള്‍ നയിച്ച് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുക എന്ന ദൗത്യമാണ് ജാഥയിലൂടെ നിര്‍വഹിക്കുന്നത്. കളങ്കിതരെ ജാഥയില്‍ ഉള്‍പ്പെടുത്താതിരിക്കാനും ആരോപണവിധേയരെ മാറ്റിനിര്‍ത്താനും വിവാദങ്ങള്‍ ഒഴിവാക്കാനും കോണ്‍ഗ്രസ് നേതൃത്വം നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. യുഡിഎഫിന്റെ ഐക്യം വിളിച്ചോതുന്നതായിരുന്നു ഉദ്ഘാടന സമ്മേളനം. മിക്ക നേതാക്കളും ഉദ്ഘാടന സമ്മേളനത്തിനെത്തിയിരുന്നു. സോളാര്‍ വിഷയത്തില്‍ എ ല്‍ഡിഎഫും ബിജെപിയും ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്ന വേദിയായി ജാഥ മാറും. എന്നാല്‍, ഒമ്പതിനു ചേരുന്ന നിയമസഭാ പ്രത്യേക സമ്മേളനം ഇതുസംബന്ധിച്ചു ചില തീരുമാനങ്ങളെടുത്താല്‍ ജാഥയ്ക്കു മങ്ങലേല്‍ക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. കേരളത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടാണെന്നും ശക്തമായ പ്രതിപക്ഷമാണെന്നും തെളിയിക്കുന്ന രൂപത്തിലുള്ള പരിപാടികളാണ് ജാഥയില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. സിപിഎമ്മും ബിജെപിയും ചില രഹസ്യ അജണ്ടകള്‍ നടപ്പാക്കാന്‍ ബിജെപി മുഖ്യപ്രതിപക്ഷമാണെന്ന രീതിയില്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരേയും ജാഥയില്‍ വിമര്‍ശനം ഉയരും. മന്ത്രി തോമസ് ചാണ്ടിയുടെ രാജി, ഇടതു എംഎല്‍എമാരുടെ വിവാദ ഫോട്ടോകള്‍, കേരളത്തിലെ ഹോട്ടലുകളില്‍ മദ്യം വിളമ്പാനുള്ള നീക്കം എന്നിവയ്‌ക്കെതിരേ ശക്തമായ ഭാഷയിലാണ് നേതാക്കള്‍ പ്രതികരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്കെതിരേ ആരുമായും സഖ്യം വേണമെന്ന എ കെ ആന്റണിയുടെ പ്രസ്താവന കേരളത്തില്‍ നടപ്പാക്കാന്‍ എല്‍എഡിഎഫ് തയ്യാറാവണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഈ മാസം എട്ടിന് കോഴിക്കോട്ട് നടക്കുന്ന റാലി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 17ന് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഉദ്ഘാടനം ചെയ്യും. കൊല്ലൂര്‍ ക്ഷേത്രദര്‍ശനം നടത്തി ഇന്നലെ പുലര്‍ച്ചെ കാസര്‍കോട്ടെത്തിയ രമേശ് ചെന്നിത്തല തുടര്‍ന്ന് ഉറൂസ് നടക്കുന്ന തളങ്കര മാലിക് ദീനാര്‍ മഖാമിലും സന്ദര്‍ശനം നടത്തിയിരുന്നു.
Next Story

RELATED STORIES

Share it