thrissur local

വിമത കൗണ്‍സിലര്‍മാരെ തിരിച്ചെടുക്കാന്‍ നീക്കം

ജോസ് മാളിയേക്കല്‍

കുന്നംകുളം: കുന്നംകുളം നഗരസഭയിലെ വിമത കൗണ്‍സിലര്‍മാരെ നിരുപാധികം തിരിച്ചെടുക്കാന്‍ നീക്കം സജീവമാകുന്നു. മാര്‍ച്ച് അഞ്ചിന് ഡിസി സിയില്‍ ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. ഒരാഴ്ച മുന്‍പ് ഡി സി സി പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുന്നംകുളത്തെ ഔദ്യോഗിക വിമത വിഭാഗം കൗണ്‍സിലര്‍മാരും നേതാക്കളും പങ്കെടുത്തിരുന്നു.
കോണ്‍ഗ്രസ്സില്‍ വിമത നീക്കമുണ്ടായത് സ്ഥിരം സമിതി തിരഞ്ഞെടുപ്പോടുകൂടിയായിരുന്നു. ബിജെപി, ആര്‍എംപി, സിഎംപി, കോണ്‍ഗ്രസ്സിലെ ഏഴ് കൗണ്‍സിലര്‍മാരും ഒന്നിച്ചുനിന്ന് പ്രധാന സ്ഥിരം സമിതികള്‍ പിടിച്ചടക്കി. ഇതോടെ  ബിജെപിയുമായുള്ള കൂട്ടുകെട്ടാരോപിച്ചാണ് ഇവര്‍ക്കെതിരേ നടപടിയുണ്ടായത്. ബിജെപിയുടെ അനൗദ്യോഗിക പിന്തുണയോടെ ഭരണം പിടിക്കാന്‍ തീരുമാനിച്ചെങ്കിലും ആര്‍എംപി പിന്തുണക്കാതിരുന്നതോടെയാണ് സിപിഎമ്മിന് ഭരണം ലഭിച്ചത്.
പിന്നീട് ബീനാ ലിബിനിയെ ഔദ്യോഗിക പക്ഷം തിരിച്ചെടുത്തിരുന്നു. പുറത്താക്കപെട്ട അംഗങ്ങളെ തിരിച്ചെടുക്കാന്‍ ചര്‍ച്ചകള്‍ പലവട്ടം നടന്നെങ്കിലും പദവികള്‍ രാജിവെക്കണമെന്ന നിര്‍ദേശം അംഗീകരിക്കാതിരുന്നതോടെയാണ് ഇത് പ്രാവര്‍ത്തികമാകാതിരുന്നത്. എന്നാല്‍ നിലവില്‍ പദവികള്‍ രാജിവയ്ക്കാതെ തന്നെ അംഗങ്ങളെ തിരിച്ചെടുക്കാമെന്ന വ്യവസ്ഥയാണ് ജില്ലാകമ്മറ്റി മുന്നോട്ടു വച്ചിരിക്കുന്നത്.
ഇത് പ്രാദേശിക നേതൃത്വം അംഗീകരിച്ചിട്ടില്ലെന്നതിനാലാണ് കഴിഞ്ഞയാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനമാവാതെ പോയത്. ഇത് സംബന്ധിച്ച് ആലോചിക്കാനാണ് സമയം അനുവദിച്ചിരിക്കുന്നത്. അഞ്ചിന് ചേരുന്ന യോഗത്തില്‍ പാര്‍ലിമന്ററി പാര്‍ട്ടി നേതൃത്വ സ്ഥാനം ഔേദ്യാഗിക പക്ഷത്തെ കൗണ്‍സിലറും നിയോജകമണ്ഡലം പ്രസിഡന്റുമായ ബിജു സി ബേബിക്ക് നല്‍കാനും സ്ഥിരം സമിതികള്‍ അതുപോലെ നിലനിര്‍ത്താനും തീരുമാനമുണ്ടായേക്കും എന്നാണ് അറിയുന്നത്. അങ്ങിനെയെങ്കില്‍ നഗരസഭയില്‍ ഭരണ മാറ്റത്തിന് തന്നെ കാരണമായേക്കാവുന്ന നീക്കങ്ങളാകും ഇനിയങ്ങോട്ട് ഉണ്ടാവുക.
ഭരണ സമിതിക്ക് എതിരെ മൂന്ന് പ്രതിപക്ഷ കക്ഷികളും പരസ്യമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ അംഗബലമില്ലാതെയും അജണ്ടകള്‍ പാസാക്കിയെടുക്കുന്നത് പ്രതിപക്ഷത്തിന്റെ ഈ വിള്ളല്‍ മുതലെടുത്താണ്. ഈ വിഭാഗവും ഒന്നിക്കുന്നതോടെ 37 അംഗ കൗണ്‍സിലില്‍ 15 പേരുടെ മാത്രം പിന്തുണയോടെ ഭരിക്കുന്ന സിപിഎം ഭരണസമതി പ്രതിസന്ധിയിലാകാനാണ് സാധ്യത.
Next Story

RELATED STORIES

Share it