വിമതഭീഷണിയില്‍ യുഡിഎഫ് മേയര്‍സ്ഥാനാര്‍ഥി

കണ്ണൂര്‍: ഒരുഭാഗത്ത് വിമതസാന്നിധ്യം. മറുവശത്ത് പ്രധാന എതിരാളിയായി പ്രമുഖ നേതാവിന്റെ പുത്രി. കണ്ണൂര്‍ കോര്‍പറേഷനില്‍ യുഡിഎഫിന്റെ സുരക്ഷിത സീറ്റെന്നു കെട്ടിഘോഷിക്കപ്പെട്ട കിഴുന്ന ഡിവിഷനില്‍ മേയര്‍ സ്ഥാനാര്‍ഥി കൂടിയായ കെപിസിസി ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്ണന്‍ വിയര്‍ക്കുന്നു. കടുത്ത പോരാട്ടത്തിനാണ് കിഴുന്നയില്‍ വേദിയൊരുങ്ങുന്നത്. അതിനാല്‍ ഇവിടെ പ്രവചനം അസാധ്യം.
സുമ ബാലകൃഷ്ണനും എം വി രാഘവന്റെ മകള്‍ എം വി ഗിരിജയും തമ്മിലാണ് നേര്‍ക്കുനേര്‍ പോരാട്ടം. എന്നാല്‍, യുഡിഎഫിനു കനത്ത വെല്ലുവിളിയുമായി മഹിളാ കോണ്‍ഗ്രസ് മുന്‍ ജില്ലാ നേതാവ് ജയലതയും അങ്കത്തട്ടിലുണ്ട്. പാളയത്തിലെ പടയും എതിര്‍സ്ഥാനാര്‍ഥിയുടെ സ്വാധീനവും മുന്‍കൂട്ടി മനസ്സിലാക്കാതെ കിഴുന്ന ഡിവിഷനില്‍ മേയര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതാണ് കോണ്‍ഗ്രസ്സിനു വിനയായത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ച പ്രശ്‌നം സങ്കീര്‍ണമാക്കി. എടക്കാട് പഞ്ചായത്തിന്റെ ഭാഗമായിരുന്ന പ്രദേശങ്ങളുള്‍പ്പെട്ട കിഴുന്ന കോണ്‍ഗ്രസ്സിനെ തുണയ്ക്കുന്ന ഡിവിഷനാണ്. അധികം വിയര്‍പ്പൊഴുക്കാതെ മേയര്‍സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുരക്ഷിത കേന്ദ്രമെന്ന നിലയില്‍ കിഴുന്ന സുമയ്ക്കു നല്‍കിയത്. സിപിഎമ്മിന് ഇവിടെ കാര്യമായ അടിത്തറയില്ല.
എന്നാല്‍, മികച്ച സ്ഥാനാര്‍ഥിയിലൂടെ എതിരാളിയെ വീഴ്ത്താനാണ് ഇടതുപക്ഷത്തിന്റെ നീക്കം. ഈ ലക്ഷ്യംവച്ചാണ് യുഡിഎഫ് വിട്ട അരവിന്ദാക്ഷന്‍ വിഭാഗത്തിന് കിഴുന്നയില്‍ സീറ്റനുവദിച്ചതും എംവിആറിന്റെ മകള്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയതും. നിലവില്‍ യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ നഗരസഭ കോര്‍പറേഷനായി മാറിയപ്പോഴും ഭരണമുന്നണിയുടെ നില ഭദ്രമാണ്. മേയര്‍സ്ഥാനം വനിതാ സംവരണമായതോടെ എഐസിസി അംഗമായ സുമ ബാലകൃഷ്ണനു തന്നെയായിരുന്നു കോണ്‍ഗ്രസ് ആദ്യാവസാനം പ്രഥമ പരിഗണന നല്‍കിയത്.
കഴിഞ്ഞ 25 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ ഓരോ തവണ പഞ്ചായത്ത്, ബ്ലോക്ക് മെംബറായ സുമ പിന്നീട് സംഘടനാ ചുമതലയുടെ തിരക്കിലായി. രണ്ടു തവണ എംഎല്‍എ സ്ഥാനാര്‍ഥിയാവുമെന്നു കരുതിയെങ്കിലും അവസാന നിമിഷം തഴയപ്പെട്ടു. എംവിആറിന്റെ മകളെന്ന നിലയില്‍ ലഭിക്കുന്ന വോട്ടുകള്‍ ഗിരിജയെ തുണയ്ക്കുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കൂകൂട്ടല്‍.
അതേസമയം, യുഡിഎഫിന് എം വി ഗിരിജ ഉയര്‍ത്തുന്ന വെല്ലുവിളികളെ മാത്രം അതിജീവിച്ചാല്‍ പോരാ, വിമതശല്യവും മറികടക്കണം. അതിനാല്‍ അവരുടെ ആശങ്ക ചെറുതല്ല. പ്രാദേശികവികാരം കണക്കിലെടുക്കാതെയാണ് സുമയെ കിഴുന്നയില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതെന്നും തന്റെ സ്ഥാനാര്‍ഥിത്വമാണ് ആദ്യം ഉയര്‍ന്നുവന്നതെന്നും വിമതസ്ഥാനാര്‍ഥി ജയലത പറയുന്നു.
Next Story

RELATED STORIES

Share it