Flash News

വിപുലമായ പ്രക്ഷോഭങ്ങളുമായി സംവരണ വിഭാഗങ്ങള്‍

എന്‍  എ  ശിഹാബ്

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ സംവരണ അട്ടിമറിക്കെതിരേ വിപുലമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാന്‍ സംവരണ വിഭാഗങ്ങള്‍ ഒരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി വിവിധ സംവരണ വിഭാഗങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ആലോചനായോഗം ജനുവരി നാലിന് തിരുവനന്തപുരത്ത് ചേരും.
സംസ്ഥാന സര്‍ക്കാര്‍ ഒന്നിന് പിറകെ ഒന്നായി സംവരണ വിരുദ്ധ നടപടികളുമായി മുന്നോട്ടുപോവുന്ന സാഹചര്യം കണക്കിലെടുത്താണ് വിവിധ സംവരണ വിഭാഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. യോജിച്ചുള്ള പ്രക്ഷോഭത്തില്‍ എല്ലാ സംവരണ സമുദായങ്ങളുടെയും സംഘടനകളുടെയും പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് സാമൂഹ്യ സമത്വമുന്നണി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു. ജനുവരി ഒന്നുമുതല്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നിലവില്‍ വരുമെന്ന് കഴിഞ്ഞദിവസം മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും സംവരണ വിഭാഗങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഭരണഘടന അനുസരിച്ച് സര്‍ക്കാര്‍ നിയമനങ്ങളിലെല്ലാം സംവരണം ഉറപ്പാക്കേണ്ടതുണ്ട്. എന്നാല്‍, കെഎഎസിന്റെ രണ്ടും മൂന്നും നിയമനവിഭാഗത്തില്‍ സംവരണം ഏര്‍പ്പെടുത്തിയിട്ടില്ല.
ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരേ സംവരണ വിഭാഗങ്ങള്‍ പ്രക്ഷോഭരംഗത്തിറങ്ങിയിരുന്നു. ഇതിനിടെയാണ് സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന കെഎഎസിലും സംവരണവിരുദ്ധമായ നീക്കം നടക്കുന്നത്. ജനസംഖ്യാ അടിസ്ഥാനത്തില്‍ പട്ടികജാതി, വര്‍ഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന സംസ്ഥാനത്തെ ഭൂരിഭാഗം ജനങ്ങളും സംവരണത്തിന്റെ ഗുണഭോക്താക്കളാണ്. എന്നാല്‍, മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളൊന്നും സംവരണവിഷയം ഏറ്റെടുക്കാന്‍ തയ്യാറല്ല. കാലാകാലങ്ങളായി തങ്ങളെ വോട്ടുബാങ്കുകളായി മാത്രം കാണുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരേ സംവരണ വിഭാഗങ്ങളില്‍ അമര്‍ഷം പുകയുകയാണ്.
സര്‍ക്കാര്‍ നിയമനങ്ങളില്‍ സംവരണം അട്ടിമറിക്കാന്‍ സവര്‍ണ ലോബി ഓരോസമയങ്ങളിലും ഓരോ കാരണങ്ങളുമായി രംഗത്തുവരാറുണ്ടെന്ന് സംവരണ വിഭാഗങ്ങള്‍ ആരോപിക്കുന്നു. ഇത്തരത്തിലൊന്നാണ് കെഎഎസ് എന്നും ഇവര്‍ പറയുന്നു. കെഎഎസ് നിയമനങ്ങളില്‍ കടുത്ത മല്‍സര പരീക്ഷകളാണ് ഉദ്യോഗാര്‍ഥികളെ കാത്തിരിക്കുന്നത്. കോച്ചിങ് സെ ന്ററുകളില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് പഠനം നടത്താനോ മല്‍സരപരീക്ഷകളില്‍ മറ്റുള്ളവര്‍ക്കൊപ്പം എത്താനോ സംവരണ വിഭാഗങ്ങള്‍ക്ക് കഴിയില്ല. കെഎഎസ്് നിയമനങ്ങളില്‍ നിന്ന് ഇവര്‍ പിന്തള്ളപ്പെടാന്‍ കാരണമാവും.
ഭരണനിര്‍വഹണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറി മുതല്‍ തുടങ്ങുന്ന ഉന്നത തസ്തികകളാണു കെഎഎസില്‍ ഉള്‍പ്പെടുന്നത്. സംസ്ഥാനത്ത് സംവരണവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ ഇപ്പോഴും തുടരുകയാണ്.
സംവരണത്തില്‍ ഏതെങ്കിലും തരത്തില്‍ മാറ്റം വരുത്തണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരണം. എന്നാല്‍, കേരളത്തില്‍ സംവരണ വിരുദ്ധ നടപടികളുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഇതിനെതിരേ നിയമപരമായും ജനകീയ കോടതിയിലും നേരിടാന്‍ ഒരുങ്ങുകയാണ് സംവരണ വിഭാഗങ്ങള്‍.
Next Story

RELATED STORIES

Share it