kozhikode local

വിനോദസഞ്ചാരസാധ്യതകളുമായി വള്ളില്‍ക്കടവ്

ശ്രീകുമാര്‍ നിയതി

കോഴിക്കോട്: കാഴ്ചകളുടെ പറനിറഞ്ഞൊഴുകുന്ന ഒരു ഗ്രാമം. കോഴിക്കോട് തലക്കുളത്തൂര്‍ പഞ്ചായത്തിന്റെ വടക്ക് പടിഞ്ഞാറ് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മുച്ചൂടും ഗ്രാമ ഭംഗിയുള്ള പ്രദേശമാണ് വള്ളില്‍ക്കടവ്. പടിഞ്ഞാറ് അതിരിടുന്നതാകട്ടെ കോരപ്പുഴയും. പ്രകൃതി മനോഹരമായ ഈ തീരത്താണ് വള്ളില്‍ക്കടവ് പൂരം.
എവിടെ നിന്നൊക്കെയോ നാടിന്റെ നാലു ഇറകളില്‍ നിന്നും ജനം സായാഹ്ന സവാരിക്ക് ഇവിടേക്ക് എത്തുന്നു. ഈ ദേശത്തെ കേരള ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തുക എന്ന ലക്ഷ്യമായാണ് പൂരം സംഘടിപ്പിക്കുന്നത്. മല്‍സ്യ സമ്പത്തുകൊണ്ടും കണ്ടല്‍കാട്ടിനാലും സമൃദ്ധമാണിവിടെ. ഇക്കോടൂറിസത്തിന് തികച്ചും അനുയോജ്യമായ ഭൂമിക.
നാട്ടുകാര്‍ ഒരുമിച്ച് ഗ്രാമത്തിന്റെ വിശുദ്ധിക്ക് കാവലാവുകയായി. വള്ളില്‍ക്കടവ് ഇക്കോടൂറിസം പ്രൊജക്ട് തയ്യാറായിക്കഴിഞ്ഞു. രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് കടന്നുപോകുന്നത് ഇതുവഴിയാണ്. അതുകൊണ്ട് തന്നെ സഞ്ചാരികളെ മാടിവിളിക്കേണ്ടതില്ല.
തുഷാരഗിരി-കാപ്പാട് ടൂറിസം ഇടനാഴി കടന്നുപോകുന്നത് വള്ളില്‍ക്കടവിനടുത്തുകൂടെയുമാണ്. പുറക്കാട്ടിരി പാലം വരുന്നതിനു എത്രയോ വര്‍ഷം മുമ്പേ ചേളന്നൂര്‍, നരിക്കുനി, നന്മണ്ട, കാക്കൂര്‍ പ്രദേശങ്ങളില്‍ നിന്നും കയറും കശുവണ്ടിയും നാളികേരവുമെല്ലാം ഈ കടവ് കടന്നായിരുന്നു എത്തിച്ചിരുന്നത്. ഇവിടെ ഒരു വലിയ കടവുണ്ടായിരുന്നു.
കാലത്തിന്റെ കുത്തൊഴുക്കില്‍ ‘കടവ്’ കാണാതാവുന്നു. പുഴയേയും പുഴയിലെ മല്‍സ്യസമ്പത്തിനേയും സംരക്ഷിക്കുക, സാമൂഹികജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഗ്രീന്‍പ്രൊട്ടോകോള്‍ യാഥാര്‍ഥ്യമാക്കുക തുടങ്ങിയ ഒട്ടേറെ സ്വപ്‌നങ്ങളുണ്ട് സംഘാടകര്‍ക്കും ദേശക്കാര്‍ക്കും. പുഴയുടെ അക്കരയ്ക്ക് ഒരുതൂക്കുപാലം, കണ്ടല്‍പ്പാര്‍ക്ക്, പുഴയ്ക്കരികെ നടപ്പാതകള്‍, വിപണനകേന്ദ്രം, ശലഭോദ്യാനം, കുട്ടികള്‍ക്കൊരു പാര്‍ക്ക് എന്നിവയൊക്കെയാണ് പദ്ധതിയിലൂടെ ആഗ്രഹിക്കുന്നത്.
തൂക്കുപാലവും കണ്ടല്‍പാര്‍ക്കും യാഥാര്‍ഥ്യമാവുന്നതോടെ വിനോദസഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട കേന്ദ്രമാവും. കൊച്ചിയിലും ആലപ്പുഴയിലുമൊക്കെയുള്ള തല്‍സമയം മീന്‍പിടിച്ച് പാകപ്പെടുത്തി നല്‍കാവുന്ന ഊട്ടുപുരകള്‍, ജലനൗകകള്‍, എന്നിവയ്‌ക്കെല്ലാം വന്‍ സാധ്യതകളുണ്ട്. ജലസാഹസിക വിനോദങ്ങള്‍ക്കും ഈയിടം അനുയോജ്യമാണ്.
ഇതിനൊക്കെയാണ് വള്ളി ല്‍ക്കടവ് പൂരക്കൊടി ഉയര്‍ന്നതും കേളിക്കൊട്ടുയര്‍ന്നതും. തികച്ചും ഒരു കടല്‍പഠനകേന്ദ്രമായി തന്നെ ഇവിടം വികസിപ്പിക്കാം.ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും സംസ്ഥാന സര്‍ക്കാറും ടൂറിസം വകുപ്പുമെല്ലാം വള്ളില്‍ക്കടവിന്റെ സ്വപ്‌നപൂര്‍ത്തീകരണത്തിന് മുന്‍നിരയില്‍ വരണം.
Next Story

RELATED STORIES

Share it