Flash News

വിദ്വേഷ രാഷ്ട്രീയം കളിക്കുന്ന ബിജെപി രാജ്യത്തിനു വെല്ലുവിളി: രാഹുല്‍ഗാന്ധി

സ്വന്തം  പ്രതിനിധി

തിരുവനന്തപുരം: വിദ്വേഷം വളര്‍ത്തി വര്‍ഗീയ വിഭജനം നടത്തുന്ന ബിജെപിയാണ് രാജ്യത്തെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് കോണ്‍ഗ്രസ് നിയുക്ത അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദേശീയതലത്തില്‍ ബിജെപിക്കെതിരേ ഒന്നിച്ചു പോരാടാന്‍ സിപിഎം തയ്യാറുണ്ടോയെന്നു വ്യക്തമാക്കണം. ബിജെപിക്കെതിരേ ഒന്നിക്കാന്‍ തയ്യാറല്ലെങ്കില്‍ അത് അവരെ പിന്തുണയ്ക്കുന്നതിനു തുല്യമാണെന്നും രാഹുല്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച യുഡിഎഫ് ജാഥ പടയൊരുക്കത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരേ ഘോരഘോരം പ്രസംഗിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ കുറേനാളായി അഴിമതിയെക്കുറിച്ച് മിണ്ടുന്നില്ല. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ കമ്പനി 50,000 രൂപയുടെ ആസ്തിയില്‍ നിന്നു മാസങ്ങള്‍ക്കുള്ളിലാണ് എട്ടു കോടിയിലേക്ക് വളര്‍ന്നത്. റാഫേല്‍ യുദ്ധവിമാന ഇടപാട് മോദിയുടെ ഏകപക്ഷീയ തീരുമാനമായിരുന്നു. യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതില്‍ അനുഭവസമ്പത്തുള്ള ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക് ലിമിറ്റഡിനെ ഒഴിവാക്കി അടുപ്പമുള്ള ഒരു വ്യവസായിയെ ഉള്‍പ്പെടുത്തിയായിരുന്നു കച്ചവടമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഗുജറാത്ത് തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ രാജ്യത്തെക്കുറിച്ചോ വികസനത്തെ സംബന്ധിച്ചോ ആയിരുന്നില്ല മോദിയുടെ പ്രസംഗം. മറിച്ച്, അദ്ദേഹത്തെക്കുറിച്ചും കോണ്‍ഗ്രസ്സിനെക്കുറിച്ചും മാത്രമായിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെയും തന്നെയും വ്യക്തിപരമായി ആക്ഷേപിച്ചു. എന്നാല്‍, തിരിച്ച് അതേ ഭാഷയില്‍ മറുപടി പറയാന്‍ കോണ്‍ഗ്രസ്സിന്റെ സംസ്‌കാരം അനുവദിക്കില്ല. മോദിയാണെങ്കിലും അദ്ദേഹമിരിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന പദവിയെ ബഹുമാനിക്കുന്നവരാണ് കോണ്‍ഗ്രസ്സുകാരെന്നും രാഹുല്‍ പറഞ്ഞു. കേരളത്തിലെ സര്‍ക്കാരിനും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസ്സിലാണ് സംസ്ഥാനത്തെ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. ഓഖി ദുരന്തത്തിന് ഇരയായ ജനങ്ങളുടെ പരാതികള്‍ താന്‍ കേട്ടു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ആരൊക്കെ പോയാലും വന്നില്ലെങ്കിലും യുഡിഎഫ് തകരില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജെഡിയു നേതാവ് എം പി വീരേന്ദ്രകുമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. പരോക്ഷമായി ഇക്കാര്യമാണ് ചെന്നിത്തല വ്യക്തമാക്കിയത്. നേതാക്കളായ മുകുള്‍ വാസ്‌നിക്, ഉമ്മന്‍ചാണ്ടി, എം എം ഹസന്‍, പി കെ കുഞ്ഞാലിക്കുട്ടി, എന്‍ കെ പ്രേമചന്ദ്രന്‍, കെ സി വേണുഗോപാല്‍, ജി ദേവരാജന്‍, എ എ അസീസ്, വര്‍ഗീസ് ജോര്‍ജ്, പി പി തങ്കച്ചന്‍, ശശി തരൂര്‍ സംബന്ധിച്ചു. അസുഖം മൂലം എ കെ ആന്റണി സംബന്ധിച്ചില്ല.
Next Story

RELATED STORIES

Share it