malappuram local

വിദ്യാര്‍ഥിയെ ബസ്സില്‍ നിന്നിറക്കിവിട്ട സംഭവംകണ്ടക്ടര്‍ക്കും ഉടമയ്ക്കുമെതിരേ നടപടിക്ക് ശുപാര്‍ശ

തിരൂരങ്ങാടി: കോട്ടക്കല്‍ ഐടിഐയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയെ ബസ്സില്‍ നിന്നിറക്കിവിട്ട സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. ബസിലെ കണ്ടക്ടര്‍ക്കെതിരേയും ബസുടമയ്‌ക്കെതിരേയും നടപടി സ്വീകരിക്കുന്നതിന് ശുപാര്‍ശ ചെയ്തു.
തിരൂരങ്ങാടി ജോ.ആര്‍ടി ഓഫിസര്‍ ദിനേഷ് ബാബുവാണ് മലപ്പുറം ആര്‍ടിഒക്ക് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പരിശോധനയില്‍ ബസിലെ കണ്ടക്ടറായ ഒഴൂര്‍ സ്വദേശി പുത്തന്‍ വീട്ടില്‍ മുഹമ്മദലി ശിഹാബിന് കണ്ടക്ടറാകാനുള്ള യോഗ്യതയില്ലെന്ന് കണ്ടെത്തിയതിനാല്‍ ബസുടമയ്്‌ക്കെതിരേയും നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ജോ.ആര്‍ടിഒ പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ യാത്രാനിരക്ക് നല്‍കിയതിന് കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി കരുവാട്ടില്‍ വാഹിദിനെയാണ് ചെമ്മാട്-തിരൂര്‍ റൂട്ടില്‍ ഓടുന്ന കെഎല്‍ 57-8144 നമ്പറിലുള്ള ജഫ്—സി ബസില്‍ നിന്നും ഇറക്കിവിട്ടത്. ചെമ്മാട് നിന്നും രണ്ടുകിലോമീറ്റര്‍ അകലെയുള്ള വെഞ്ചാലി പാടത്ത് ഇറക്കിവിട്ട വാഹിദ് തിരൂരങ്ങാടി ആര്‍ടിഓഫിസിലെത്തി പരാതി നല്‍കിയിരുന്നു.
ഒരാഴ്ച മുമ്പ് നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിക്ക് തയ്യാറായത്.

എഎംവിഐമാരായ പി സി അരുണ്‍കുമാര്‍, എം വി അരുണ്‍ കുമാര്‍ എന്നിവര്‍ പരിശോധന നടത്തി.
Next Story

RELATED STORIES

Share it