വിദ്യാര്‍ഥിനിയെ വീട്ടില്‍ക്കയറി കുത്തിപ്പരിക്കേല്‍പ്പിച്ചു

കഴക്കൂട്ടം: ബൈക്കിലെത്തിയ മൂന്നംഗസംഘം വീട്ടിനുള്ളില്‍ അതിക്രമിച്ചുകടന്ന് ബിടെക്ക് വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഗുരുതര പരിക്കേറ്റ കണിയാപുരം പള്ളിനടയ്ക്കു സമീപം ഉപ്പ് വീട്ടില്‍ തസ്‌നി (18)യെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 6.15 ഓടെയാണു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
കോളജില്‍നിന്ന് പരീക്ഷ കഴിഞ്ഞു തസ്‌നി വിട്ടിലെത്തി ഏതാനും സമയത്തിനുള്ളിലാണു മൂന്നംഗസംഘം അടച്ചിട്ടിരുന്ന ഗേറ്റ് കടന്ന് വീട്ടിനുള്ളിലുണ്ടായിരുന്ന തസ്‌നിയെ കടന്നുപിടിച്ചത്. തുടര്‍ന്ന് രണ്ടുപേര്‍ തസ്‌നിയെ പിടിച്ചുവയ്ക്കുകയും മറ്റൊരാള്‍ കൈയില്‍ കരുതിയിരുന്ന ആയുധംകൊണ്ട് പെണ്‍കുട്ടിയുടെ വയറിന് കുത്തുകയുമായിരുന്നു. തസ്‌നി നിലവിളിച്ചതോടെ സംഘം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ജാവാ കോട്ടേജിന് സമീപം വച്ച് നാട്ടുകാര്‍ സംഘത്തിലെ രണ്ടുപേരെ പിടികൂടി കഠിനംകുളം പോലിസിന് കൈമാറി.
പെരുമാതുറ മാടന്‍വിള സ്വദേശികളായ അഷ്‌ക്കര്‍, ജസീര്‍, ജഹാസ് എന്നിവരാണ് അക്രമികളെന്നാണ് പോലിസ് നല്‍കുന്ന വിവരം. സംഭവം നടക്കുന്ന സമയം തസ്‌നിയുടെ അനുജത്തി വീടിനു മുകളിലായിരുന്നു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും നിലവില്‍ കോഴിക്കോട് റിട്ടേണിങ് ഓഫിസറുമായ ജവാദിന്റെയും സുഹറയുടെയും മകളും തുമ്പ മറയ്ന്‍ എന്‍ജിനീയറിങ് കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയുമാണ് തസ്‌നി. മാതാവും പിതാവും സ്ഥലത്തില്ലാത്തതിനാല്‍ തസ്‌നിയും അനുജത്തിയും അടുത്തുള്ള ബന്ധുവീട്ടിലാണു താമസം. മാതാവ് സുഹ്‌റ ഉംറയ്ക്കു പോയിരിക്കുകയാണ്.
ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി ബന്ധുവീട്ടില്‍ പോവാനൊരുങ്ങുമ്പോഴാണു സംഭവം. മോഷണത്തിനായാണു സംഘം വീടിനുള്ളില്‍ കയറിയതെന്നാണു സൂചന.
Next Story

RELATED STORIES

Share it