Pathanamthitta local

വിദ്യാര്‍ഥികള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഏറ്റുമുട്ടി

പത്തനംതിട്ട: കോളജില്‍ നടന്ന സംഘര്‍ഷത്തിന് പിന്നാലെ വിദ്യാര്‍ഥികള്‍ ആശുപത്രിയിലും ഏറ്റുമുട്ടി.  ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. കാതോലിക്കറ്റ് കോളജില്‍  മാഗസിന് ഇറക്കുന്നതില്‍ താമസം വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കെ.എസ്.യു പ്രവര്‍ത്തകര്‍ കോളജ് വളപ്പില്‍ പ്രകടനം നടത്തിയിരുന്നു. തുടര്‍ന്ന്  കോളജില്‍ സ്ഥാപിച്ച് ബോര്‍ഡില്‍ തങ്ങളുടെ പ്രവര്‍ത്തകന്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ രീതിയില്‍ വാക്കുകള്‍ എഴുതിയെന്ന് ആരോപിച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ക്ലാസില്‍ കയറി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചെന്ന് കെ.എസ്.യു. പ്രവര്‍ത്തകര്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ വീണ്ടും  എസ്.എഫ്.ഐ- കെ.എസ്.യു. പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇതില്‍ പരിക്കേറ്റ കെ.എസ്.യു. പ്രവര്‍ത്തകനായ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി പേട്ട പഴയവീട്ടില്‍ അജ്മലി (23)നെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ആശുപത്രിയില്‍  കെ.എസ്.യു.-എസ്.എഫ്.ഐയുടെ നേതാക്കാള്‍ തമ്മില്‍ ഒത്തുതീര്‍പ്പു ചര്‍ച്ച നടക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടുകയായിരുന്നു. മാരാകായുധങ്ങളുമായി പുറത്തു നിന്ന് കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തിയാണ് സംഘര്‍ഷം നടത്തിയത്. ആശുപത്രിക്കുള്ളില്‍ വിദ്യാര്‍ഥികള്‍ ഇടിച്ചുകയറിയത് പരിഭ്രാന്തി പരത്തി.  അഞ്ച് മിനിറ്റോളം ആശുപത്രിവളപ്പില്‍ സംഘര്‍ഷാവസ്ഥയിലായിരുന്നു. പിന്നീട് നേതാക്കള്‍ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. പിരിഞ്ഞുപോയ വിദ്യാര്‍ഥികള്‍ സ്വകാര്യ ബസ്  സ്റ്റാന്‍ഡിലും കലക്ടറേറ്റ് വളപ്പിലും ഏറ്റുമുട്ടി. സംഭവത്തില്‍ പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it