Kollam Local

വിദ്യാര്‍ഥികള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ഒരു ലക്ഷം കശുമാവിന്‍ തൈകള്‍



കൊല്ലം: ജില്ലയിലെ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി  വിദ്യാര്‍ഥികള്‍ക്ക് ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം കശുമാവിന്‍  തൈകള്‍ വിതരണം ചെയ്യും.  അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഗ്രാഫ്റ്റ് ചെയ്ത കശുമാവിന്‍ തൈകള്‍ സൗജന്യമായി നല്‍കുമെന്ന് പ്രസിഡന്റ് കെ ജഗദമ്മ അറിയിച്ചു. വിദ്യാര്‍ഥികളിലൂടെ എല്ലാ വീടുകളിലും കശുമാവ് ക്യഷി വ്യാപിപ്പിക്കുക എന്നതാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വ്യക്ഷങ്ങള്‍ നട്ടു പിടിപ്പിച്ച് പരിപാലിപ്പിക്കുന്നതിനുള്ള താല്‍പര്യം വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കുന്നതിന് പദ്ധതി സഹായകരമാവും. ജില്ലയിലെ പരമ്പരാഗത വ്യവസായമായ കശുവണ്ടി വ്യവസായം നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത വിദ്യാര്‍ഥികള്‍ക്ക് ബോധ്യമാക്കുക, കശുമാവ് ക്യഷി വ്യാപനത്തിന്റെ പ്രാധാന്യം വിദ്യാര്‍ഥികളില്‍ എത്തിക്കുകയെന്നതാണ് ലക്ഷ്യം. ജില്ലാ പഞ്ചായത്തിന്റെ ഫാമുകളില്‍ ഒരു ലക്ഷം ഗ്രാഫ്റ്റ് തൈകള്‍ സജ്ജമായി കഴിഞ്ഞു. അഞ്ചല്‍ കൃഷി ഫാമില്‍ 50,000 തൈകളും കുരിയോട്ടുമല, കൊട്ടാരക്കര ഫാമുകളില്‍ 25,000 തൈകള്‍ വീതവുമാണ് തയ്യാറാക്കിയിരിക്കുന്നത്. മടക്കത്തറ, ആനക്കയം, പൂര്‍ണ്ണിമ, പ്രിയങ്ക തുടങ്ങിയ ഇനം തൈകളാണ് വിതരണം ചെയ്യുന്നത്.  7.5 മീറ്റര്‍ അകലത്തില്‍ 50 സെന്റീ മീറ്റര്‍ വലിപ്പമുള്ള കുഴികള്‍ എടുത്ത് അതില്‍ മേല്‍മണ്ണും ചാണകപ്പൊടിയും ഇട്ട് നിറച്ചതിനു ശേഷം പോളിത്തീന്‍ ബാഗില്‍ ശ്രദ്ധയോടെ കശുമാവിന്‍ തൈകള്‍ നടേണ്ടതാണ്. ഗ്രാഫ്റ്റ് ചെയ്ത ഭാഗം മണ്ണില്‍ നിന്നും നീക്കി 2.5 സെന്റീ മീറ്റര്‍ ഉയര്‍ത്തിയാണ് തൈകള്‍ നടേണ്ടത്. വളര്‍ന്നു വരുന്ന മുറയ്ക്ക് ഗ്രാഫ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച പോളിത്തീന്‍ ടോപ്പ് എടുത്തു കളയണം. ആദ്യ വര്‍ഷങ്ങളില്‍ യൂറിയ, പൊട്ടാഷ്, ഫോസ്ഫറസ് തുടങ്ങിയ വളങ്ങള്‍ ചെറിയ തോതില്‍ നല്‍കണം.  നവംബര്‍ മൂന്നിന് വൈകീട്ട് നാലിന് എഴുകോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഫിഷറീസ്, പരമ്പരാഗത വ്യവസായ വകുപ്പ് മന്ത്രി  ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്  കെ ജഗദമ്മ അധ്യക്ഷത വഹിക്കും. പി ഐഷാപോറ്റി എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആശാ ശശിധരന്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാകുമാരി, എഴുകോണ്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീലത, ജില്ലാ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it