kannur local

വിദ്യാര്‍ഥികള്‍ക്ക് കൈത്തറി യൂനിഫോം തയ്യാറായി



കണ്ണൂര്‍: ജില്ലയിലെ ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കുള്ള കൈത്തറി യൂനിഫോം വിതരണത്തിനു തയ്യാറായി. സ്‌കൂളുകള്‍ തുറക്കുന്നതോടെ പുത്തന്‍ യൂനിഫോമണിഞ്ഞ് കുട്ടികള്‍ക്ക് ക്ലാസുകളിലേക്ക് പോവാന്‍ കഴിയുംവിധമാണ് ഇതിന്റെ ക്രമീകരണങ്ങള്‍. കുട്ടികള്‍ക്ക് കൈത്തറി യൂനിഫോം ലഭ്യമാക്കാനുള്ള പദ്ധതി വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലാണു നടപ്പാക്കുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 23ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. ്രപസിഡന്റ് കെ വി സുമേഷ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം ബാബുരാജിന് യൂനിഫോം കൈമാറും. ഒരോ കുട്ടിക്കും രണ്ടുസെറ്റ് വീതം യൂനിഫോം തുണിയാണു നല്‍കുക. ഇതിനായി 218919 മീറ്റര്‍ ഷര്‍ട്ടിങ് തുണിയും 82043 മീറ്റര്‍ സ്യൂട്ടിങ് തുണിയും കൈത്തറി സംഘങ്ങള്‍ വഴി ഉല്‍പാദിപ്പിച്ചു. സ്‌കൂളുകള്‍ നിര്‍ദേശിച്ച പ്രകാരമുള്ള 40 വ്യത്യസ്ത നിറത്തിലാണ് ഇവ തയ്യാറാക്കിയത്. ജില്ലയിലെ 34 പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങളിലെ 823ഉം ഹാന്‍വീവിന്റെ 250ഉം തറികളില്‍നിന്നാണ് ഇത്രയും തുണി ഉല്‍പാദിപ്പിച്ചത്. ആകെ 1100ഓളം കൈത്തറി തൊഴിലാളികള്‍ ഇതിനായി ജോലിചെയ്തു. നെയ്ത തുണി തമിഴ്‌നാട്ടിലെ ഡൈയിങ് യൂനിറ്റുകളിലെത്തിച്ച് കളര്‍ ചെയ്തു. കൈത്തറി സംഘങ്ങളില്‍നിന്ന് തുണി ശേഖരിച്ച് തമിഴ്‌നാട്ടില്‍ ഡൈ ചെയ്ത് തിരിച്ചെത്തിക്കാനും വിതരണത്തിന് സജ്ജീകരിക്കാനുമുള്ള ചുമതല വടക്കന്‍ ജില്ലകളില്‍ ഹാന്‍വീവിനാണ്. ഓരോ സ്‌കൂളിനും ആവശ്യമായ അളവില്‍ തുണി പ്രത്യേകം പാക്ക് ചെയ്യുന്ന ജോലി അവസാനഘട്ടത്തിലാണ്. വിദ്യാഭ്യാസ ഉപഡയറക്ടര്‍ വഴി എഇഒമാര്‍ക്കാണ് യൂനിഫോം തുണി കൈമാറുക. എഇഒമാരുടെ മേല്‍നോട്ടത്തിലായിരിക്കും സ്‌കൂളിലേക്കുള്ള വിതരണം. അടുത്തയാഴ്ചയോടെ തന്നെ വിതരണം നടത്താന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ജില്ലാ വ്യവസായ കേന്ദ്രം അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it