വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം: നടപടികള്‍ കര്‍ശനമാക്കാന്‍ ആന്റി നാര്‍കോട്ടിക് സെല്‍

പി പി ഷിയാസ്

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗ നിയന്ത്രണ നടപടികള്‍ കാര്യക്ഷമമാക്കാനൊരുങ്ങി ആന്റി നാര്‍കോട്ടിക് സെല്‍. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം തടയുന്നതുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ക്ക് സമീപമുള്ള കടകളില്‍ പരിശോധന ശക്തമാക്കാന്‍ പ്രാദേശിക പോലിസിന് നിര്‍ദേശം നല്‍കി.
ക്ലീന്‍ കാംപസ,് സേഫ് കാംപസ് എസ്പിസി സ്‌റ്റേറ്റ് നോഡല്‍ ഓഫിസറും ഇന്റലിജന്‍സ് ഡിഐജിയുമായ പി വിജയന്‍ ഐപിഎസാണ് പോലിസുകാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്‌കൂളുകളുടെ 100 മീറ്റര്‍ ചുറ്റളവിലുള്ള കടകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന ശക്തമാക്കുന്നത്. ആന്റി നാര്‍കോട്ടിക് സെല്‍, ഷാഡോ പോലിസ്, പ്രാദേശിക പോലിസ് എന്നിവയുടെ നേതൃത്വത്തിലാണ് പരിശോധന. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം നിരീക്ഷിക്കാനും സമയോജിത ഇടപെടല്‍ നടത്താനും സ്‌കൂളുകളില്‍ തന്നെ ഒരു മോണിറ്ററിങ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രത്യേകം പരിശീലനം ലഭിച്ച വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പ്രാദേശിക പോലിസ് എന്നിവര്‍ അംഗങ്ങളായ മോണിറ്ററിങ് കമ്മിറ്റിയുടെ പ്രവര്‍ത്തനവും പുതിയ അധ്യയന വര്‍ഷത്തില്‍ ഊര്‍ജിതപ്പെടുത്തും.
ലഹരി വിപണന കേസുകളില്‍ 15,000ഓളം പേരെയാണ് കഴിഞ്ഞവര്‍ഷം ആന്റി നാര്‍കോട്ടിക് സെല്‍ പിടികൂടിയത്.
കഞ്ചാവ് മുതല്‍ പ്രത്യേക തരം പശ വരെയുള്ള സാധനങ്ങളാണ് കുട്ടികള്‍ ലഹരിക്കായി ഉപയോഗിക്കുന്നത്. പെണ്‍കുട്ടികള്‍ക്കിടയിലും ഇപ്പോള്‍ ലഹരി ഉപയോഗം കണ്ടുവരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ലഹരി ഉപയോഗിക്കുന്ന കുട്ടികള്‍ക്കിടയില്‍ വിഷാദം, കൂടുതല്‍ ദേഷ്യം, പഠിക്കാനുള്ള താല്‍പര്യമില്ലായ്മ, ആത്മഹത്യാപ്രവണത എന്നിവ കണ്ടുവരുന്നതായി മനശ്ശാസ്ത്ര വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. കൗണ്‍സലിങിലൂടെയും പരിണിതഫലങ്ങളെക്കുറിച്ചുള്ള കൃത്യമായ ബോധവല്‍ക്കരണത്തിലൂടെയും മാത്രമേ വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരാന്‍ കഴിയൂവെന്നാണ് വിലയിരുത്തല്‍.
സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് ലഹരി വില്‍പന വ്യാപകമാക്കിയ മാഫിയകളുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് ശക്തമായിരിക്കേ ഇവര്‍ക്കെതിരേയുള്ള നടപടികളും ശക്തമാക്കേണ്ടതുണ്ടെന്ന നിലപാടിലാണ് മാതാപിതാക്കള്‍. നിലവില്‍ എന്‍ഡിസിഎസ് (നാര്‍കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) ആക്റ്റ്, കോപ്ട ആക്റ്റ്, അബ്കാരി ആക്റ്റ് തുടങ്ങിയവ പ്രകാരമാണ് ലഹരി സാധനങ്ങള്‍ കൈവശം വയ്ക്കുന്നവര്‍ക്കെതിരേ കേസെടുക്കുന്നത്. ലഹരി മാഫിയകളുടെ വിവരങ്ങള്‍ ശേഖരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ പോലിസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it