kozhikode local

വിദ്യാര്‍ഥികളെ നോട്ടമിട്ട് ലഹരി മാഫിയ പ്രവര്‍ത്തനം സജീവമാവുന്നു

നാദാപുരം: ചെറുപ്പക്കാരെയും വിദ്യാര്‍ഥികളെയും ലക്ഷ്യം വച്ചുള്ള ലഹരി മാഫിയയുടെ പ്രവര്‍ത്തനം നാദാപുരം ടൗണില്‍ സജീവമാകുന്നതായി റിപോര്‍ട്ട്. അന്യസംസ്ഥാന തൊഴിലാളികളുള്‍പ്പെടെയുള്ള യുവാക്കള്‍ക്കും മറ്റും ലഹരിപദാര്‍ഥങ്ങള്‍ വിതരണം ചെയ്യുന്ന അതേ സംഘം തന്നെയാണ് പ്ലസ്ടു ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ നോട്ടമിട്ട് കരുക്കള്‍ നീക്കുന്നത്.
കവലകളിലും കോംപ്ലക്‌സുകളുടെ ഇടനാഴികളിലും തമ്പടിച്ച് ലഹരി വസ്തുക്കള്‍ കൈമാറുന്ന ഇക്കൂട്ടര്‍ നേരത്തെ ഇവരുടെ വലയില്‍പ്പെട്ട വിദ്യാര്‍ഥികളെയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ആദ്യ ഘട്ടത്തി ല്‍ പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും ക്രമേണ ലഹരിക്ക് അടിമപ്പെടുത്തുകയമാണ്ഇവരുടെ രീതി. പ്രായപൂര്‍ത്തിയെത്താത്ത കുട്ടികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത് ശിക്ഷാര്‍ഹമാണെങ്കിലും പല കടക്കാരും വിദ്യാര്‍ഥികള്‍ക്ക് ഇവ വില്‍പ്പന നടത്തുന്നുണ്ട്.
പകല്‍ സമയത്ത് ക്ലാസ് കട്ട്‌ചെയ്‌തെത്തുന്ന കുട്ടികള്‍ കടകളുടെ ഒഴിഞ്ഞ ടെറസ്സുകളില്‍ ഒത്തുകൂടുകയാണ് പതിവ്. തിരിച്ചറിയാതിരിക്കാന്‍ പലരും യൂനിഫോം ഒഴിവാക്കുകയാണ്. സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും അറിയാതിരിക്കാന്‍ ക്ലാസിലുള്ള മറ്റു ചില കുട്ടികളുടെ സഹായവും നിര്‍ലോഭമായി ലഭിക്കുന്നതായാണ് അറിവ്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കഴിഞ്ഞ ദിവസം നാട്ടുകാരില്‍ ചിലര്‍ പിടികൂടി ചോദ്യം ചെയ്തിരുന്നു.
അന്യ സംസ്ഥാനങ്ങളില്‍നിന്ന് വരെ എത്തുന്ന ലഹരി വസ്തുക്കള്‍ ടൗണിലെ പല കടകളിലും സുലഭമാണെങ്കിലും പോലിസ് അധികൃതര്‍ ഉല്‍പ്പെടെയുള്ളവര്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്നാണ് ആക്ഷേപം. അരുതായ്മകള്‍ക്കെതിരെ പൊതുസമൂഹം തുടരുന്ന മൗനം വിദ്യാര്‍ഥികളുടെ കാര്യത്തിലും തുടരുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് നന്‍മയില്‍ താല്‍പര്യമുള്ളവരുടെ ആശങ്ക.
Next Story

RELATED STORIES

Share it