Flash News

വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരും



ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൊണ്ടുവന്ന നിയമങ്ങളും ചട്ടങ്ങളും സമാഹരിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് ഉത്തരവിട്ടു. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. സ്‌കൂളിലും പരിസരത്തും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്ന കരട് മാര്‍ഗനിര്‍ദേശങ്ങളിലേക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാന്‍ കോടതി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, സിബിഎസ്ഇ, സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്കു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. ഹരിയാനയിലെ റയാന്‍ സ്‌കൂളില്‍ ലൈംഗികപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഏഴുവയസ്സുകാരനായ വിദ്യാര്‍ഥിയുടെ അച്ഛന്റെ ഹരജിയാണ് ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സുപ്രിംകോടതി മുമ്പാകെയുള്ളത്.  വിദ്യാര്‍ഥികളുടെ സുരക്ഷ സംബന്ധിച്ചു നിലവിലുള്ള നിയമങ്ങളിലെ പോരായ്മകള്‍ കണ്ടെത്താന്‍ കോടതി ഹരജിക്കാരുടെ അഭിഭാഷക സുചിത്ര ശ്രീവാസ്തവയ്ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോഴുള്ള നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കിയിരുന്നുവെങ്കില്‍ റയാന്‍ സ്‌കൂളിലെ ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടാവുമായിരുന്നില്ലെന്ന് കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ അച്ഛനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു. കേസ് അടുത്തമാസം നാലിനു വീണ്ടും പരിഗണിക്കും. അതിനു മുമ്പ് നിര്‍ദേശങ്ങള്‍ അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിലവിലെ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിലെ വനിതാ അഭിഭാഷകരായ അഭയ ആര്‍ ശര്‍മ, സംഗീതാ ഭാരതി എന്നിവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയും കോടതിയുടെ പരിഗണനയിലാണ്. എല്ലാ ഹരജികളും ഒന്നിച്ചാണ് കോടതി പരിഗണിക്കുന്നത്.
Next Story

RELATED STORIES

Share it