വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അടക്കം 5 പേര്‍ വിചാരണ നേരിടണം

തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ പ്രസ്സില്‍ നിന്നു ചോര്‍ത്തിയെന്ന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന് തിരുവനന്തപുരം സിബിഐ കോടതി. പ്രതികള്‍ക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് സിബിഐ ജഡ്ജി ജെ നാസര്‍ നിരീക്ഷിച്ചു. 2007ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇപ്പോള്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി വൈകിവന്ന വിവേകമാണോയെന്ന് കോടതി ചോദിച്ചു. വിചാരണ വൈകിപ്പിക്കാന്‍ സമര്‍പ്പിച്ച ഹരജിയാണിതെന്നും കോടതി വിമര്‍ശിച്ചു. കുറ്റംചുമത്തലിനായി പ്രതികള്‍ ഒക്ടോബര്‍ 10ന് ഹാജരവണം. വിചാരണ കൂടാതെ തങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി കോടതി തള്ളി.സംസ്ഥാന വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കാക്കനാട് മൂലേപ്പാടം റോഡ് അതിരയില്‍ വി സാനു, കണിയാപുരം അസിസ്റ്റന്റ് എജ്യൂക്കേഷന്‍ ഓഫിസര്‍ സി പി വിജയന്‍ നായര്‍, വഴയില രാധാകൃഷ്ണ ലെയിന്‍ പുഷ്യരാഗം വീട്ടില്‍ എസ് രവീന്ദ്രന്‍, ചോദ്യപേപ്പര്‍ അച്ചടിച്ച വിശ്വനാഥന്‍ പ്രിന്റേഴ്‌സ് ആന്റ് പബ്ലിഷേഴ്‌സ് ഉടമ ചെന്നൈ നുങ്കമ്പാക്കം അന്നമ്മ ചാക്കോ, മാനേജിങ് ഡയറക്ടര്‍ വി സുബ്രഹ്മണ്യന്‍ എന്നിവരാണ് കേസില്‍ നിലവിലെ പ്രതികള്‍. ഒന്നാംപ്രതിയായിരുന്ന വിശ്വനാഥന്‍ പ്രസ്സിന്റെ ജനറല്‍ മാനേജര്‍ രാജന്‍ ചാക്കോ വിചാരണ തുടങ്ങും മുമ്പേ മരണപ്പെട്ടിരുന്നു. 2005ലാണ് കേസിനാസ്പദമായ സംഭവം. ചോര്‍ത്തിയ ചോദ്യപേപ്പര്‍ ഒരു പെണ്‍കുട്ടിക്ക് ലഭിച്ചത് കൂട്ടുകാരിക്ക് കൈമാറിയതോടെയാണ് സംഭവം പുറത്തുവന്നത്. തുടര്‍ന്ന് സര്‍ക്കാര്‍ പരീക്ഷ റദ്ദാക്കി പുനപ്പരീക്ഷ നടത്തുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെയാണ് വിശ്വനാഥന്‍ പ്രസ്സിന് അച്ചടികരാര്‍ നല്‍കിയതെന്നും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി.

Next Story

RELATED STORIES

Share it