kasaragod local

വിദ്യാനഗറിലെ ഭൂമിതട്ടിപ്പ് കേസ്; വിജിലന്‍സ് അന്വേഷണം തുടങ്ങി



കാസര്‍കോട്: സ്ഥലം ഉടമ മരിച്ചുവെന്ന് വ്യാജ രേഖയുണ്ടാക്കി പൊന്നും വിലയുള്ള 1.45 ഏക്കര്‍ സ്ഥലം തട്ടിയെടുത്തുവെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്തെ 1.45 ഏക്കര്‍ സ്ഥലമാണ് സ്ഥലത്തിന്റെ അനന്തരാവകാശിയായ മകന്‍ മരിച്ചുവെന്ന റീസര്‍വെ വിഭാഗം അഡീ. തഹസില്‍ദാര്‍ വ്യാജ രേഖയുണ്ടാക്കി വന്‍തുക കൈക്കൂലി വാങ്ങി സ്വന്തക്കാരന് കൈവശാവകാശം നല്‍കിയത്. കൂഡ്‌ലു വില്ലേജിലെ സര്‍വെ നമ്പര്‍ 386ല്‍പെട്ട വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്തെ കെ ബി ഷെയ്ഖ് ഇബ്രാഹിമിന്റെ സ്ഥലമാണ് വിദ്യാനഗറിലെ മഞ്ചുനാഥ, ഭാര്യ നളിനി എന്നിവര്‍ക്ക് വ്യാജ റിക്കാര്‍ഡിലൂടെ സ്വന്തമാക്കി കൊടുത്തത്. ഷെയ്ഖ് ഇബ്രാഹിമിന് ഇതിനടുത്ത് വേറെയും സ്ഥലമുണ്ട്. എന്നാല്‍ റോഡരികിലുള്ള കോടികള്‍ വിലമതിക്കുന്ന സ്ഥലമാണ് അനന്തരാവകാശിയായ ഷെയ്ഖ് മൊയ്തീന്‍ അസീസ് മരിച്ചുവെന്ന് രേഖയുണ്ടാക്കി 2017 ഏപ്രില്‍ അഞ്ചിന് പതിച്ചുനല്‍കിയത്. 1970ല്‍ പ്രസ്തുത സ്ഥലത്തിന്റെ കൈമാറ്റം നടന്നുവെന്നും മുഴുവന്‍ അവകാശികളും ഒപ്പിട്ടുനല്‍കിയെന്നും റികാര്‍ഡുണ്ടാക്കിയാണ് സ്ഥലം തട്ടിയെടുത്തത്. ഇതുസംബന്ധിച്ച് തേജസ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് സ്ഥലത്തിന്റെ അവകാശി കാസര്‍കോട് വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി. സംഭവത്തെ കുറിച്ച് കലക്്ടറുടെ നേതൃത്വത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തളങ്കര, കൂഡ്‌ലു, ചെങ്കള, പാടി, മൊഗ്രാല്‍പുത്തൂര്‍ തുടങ്ങിയ വില്ലേജുകള്‍ കേന്ദ്രീകരിച്ചാണ് വന്‍തോതില്‍തട്ടിപ്പ് നടക്കുന്നത്. മുളിയാര്‍ പഞ്ചായത്തില്‍ മുളിയാര്‍ വില്ലേജ് ഓഫിസ് കേന്ദ്രീകരിച്ച് ഏതാനും വര്‍ഷംമുമ്പ് നടന്ന വ്യാജ പട്ടയ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള നൂറുകണക്കിന് ഏക്കര്‍ ഭൂമി വ്യാജരേഖ ചമച്ച് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തട്ടിയെടുത്തുവെന്നാണ് കേസ്.  ആരോപണ വിധേയരായവരെ സംരക്ഷിക്കാന്‍ ചില നേതാക്കള്‍ തന്നെ രംഗത്തുവരുന്നത് റവന്യൂ വകുപ്പിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it