വിദേശ വനിതയുടെ മരണം: അന്വേഷണം ലഹരി മാഫിയയിലേക്ക്

തിരുവനന്തപുരം: വിദേശ വനിതയുടെ മരണത്തില്‍ അന്വേഷണം കോവളത്തെ ലഹരി മാഫിയയിലേക്കും നീളുന്നു. പ്രതികള്‍ക്ക് കഞ്ചാവ് കൈമാറിയവരെ പോലിസ് തിരിച്ചറിഞ്ഞു. കൈമാറ്റം നടന്ന ഇടങ്ങളില്‍ പോലിസ് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. തെളിവെടുപ്പ് നടത്തുന്നതിന് മുമ്പുള്ള ചോദ്യം ചെയ്യല്‍ തുടരുകയാണ്.
കഞ്ചാവ് നല്‍കി മയക്കിയ ശേഷമാണ് പീഡനവും കൊലപാതകവും നടത്തിയതെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. ഇവര്‍ക്ക് സ്ഥിരം കഞ്ചാവ് നല്‍കുന്നവരേയാണ് പോലിസ് തിരിച്ചറിഞ്ഞത്. ഇവര്‍ മൂന്നുപേരും ഇപ്പോള്‍ ഒളിവിലാണ്. ഉടന്‍ പിടിയിലാവുമെന്നാണ് പോലിസ് നല്‍കുന്ന സൂചന. കഞ്ചാവ് കൈമാറ്റം നടത്തുന്ന സ്ഥലത്ത് പ്രതികളുമായി പോലിസ് തെളിവെടുപ്പ് നടത്തും. വിദേശ വനിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിലും പ്രതികളെയെത്തിച്ച് തെളിവെടുപ്പ് നടത്തും.
സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇവിടത്തെ തെളിവെടുപ്പ് വൈകുന്നത്. ഇന്റലിജന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പ്രദേശത്ത് പരിശോധന നടത്തി. 14 ദിവസമാണ് പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിട്ടത്. നിലവില്‍ വിഴിഞ്ഞം പോലിസ് സ്‌റ്റേഷനിലാണ് പ്രതികളുള്ളത്.
Next Story

RELATED STORIES

Share it