Flash News

വിദേശ മെഡിക്കല്‍ പഠനത്തിന് നീറ്റ് ; യോഗ്യരായ വിദ്യാര്‍ഥികള്‍ക്കു മാത്രം അനുമതി

വിദേശ മെഡിക്കല്‍ പഠനത്തിന് നീറ്റ്  ; യോഗ്യരായ  വിദ്യാര്‍ഥികള്‍ക്കു  മാത്രം   അനുമതി
X


ന്യൂഡല്‍ഹി: വിദേശത്തു മെഡിക്കല്‍ പഠനത്തിനായി പോവാന്‍ നീറ്റ് നിര്‍ബന്ധമാക്കുന്നു. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആരോഗ്യമന്ത്രാലയം ഉടന്‍ പുറത്തിറക്കും. വിദേശപഠനം കഴിഞ്ഞ് ഇന്ത്യയിലെത്തുന്ന സ്വദേശികളായ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന യോഗ്യതാ പരീക്ഷയില്‍ ശരാശരി 25 ശതമാനത്തിനും താഴെയാണ് വിജയം. ഈ സാഹചര്യത്തിലാണ് കഴിവുള്ള വിദ്യാര്‍ഥികള്‍ക്കു മാത്രം വിദേശ മെഡിക്കല്‍ പഠനത്തിന് അനുമതി നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. നീറ്റ് പരീക്ഷ ജയിച്ചവര്‍ക്കു മാത്രമേ വിദേശ പഠനത്തിനുള്ള എതിര്‍പ്പില്ലാ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ലഭിക്കൂ. ഇതുസംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് ആരോഗ്യമന്ത്രാലയം പ്രത്യേക നിര്‍ദേശവും നല്‍കും. വിദേശത്തുനിന്നു മെഡിക്കല്‍ ബിരുദം നേടിയവര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന യോഗ്യതാ പരീക്ഷ വിജയിച്ചിരിക്കണം. ഈ യോഗ്യതാ പരീക്ഷ എഴുതണമെങ്കില്‍ നേരത്തേ നീറ്റ് പരീക്ഷ ജയിച്ച രേഖ ഹാജരാക്കേണ്ടിവരും. ഇതിനു പുറമെ നീറ്റ് പരീക്ഷ ജയിക്കാത്തവര്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എംസിഐ) രജിസ്‌ട്രേഷനും ലഭിക്കില്ലെന്ന് എംസിഐ വൈസ് പ്രസിഡന്റ് ഡോ. ബ്രഹ്മാനന്ദം പറഞ്ഞു. ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യണമെങ്കില്‍ എംസിഐയുടെ രജിസ്‌ട്രേഷന്‍ ആവശ്യമാണ്. വിദേശത്തു നിന്നു മെഡിക്കല്‍ പഠനം കഴിഞ്ഞവര്‍ക്ക് 2001ലാണ് കേന്ദ്രസര്‍ക്കാര്‍ യോഗ്യതാ പരീക്ഷ വച്ചത്. ജൂണ്‍, ഡിസംബര്‍ മാസങ്ങളിലായി നടക്കുന്ന ഈ പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചവര്‍ക്കു മാത്രമേ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുമതിയുള്ളൂ. ഇന്ത്യയില്‍ മെഡിക്കല്‍ പഠനത്തിന് പ്രയാസമേറിയ യോഗ്യതാ പരീക്ഷയെന്ന കടമ്പയുള്ളതിനാല്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന നിരവധി വിദ്യാര്‍ഥികള്‍ വിദേശ സര്‍വകലാശാലകളില്‍നിന്നു ബിരുദം നേടിവരുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രവേശനപ്പരീക്ഷ യോഗ്യതയായി നിശ്ചയിച്ചിട്ടില്ലാത്ത വിദേശ സര്‍വകലാശാലകളെയാണ് ഇത്തരം വിദ്യാര്‍ഥികള്‍ മെഡിക്കല്‍ പഠനത്തിനായി തിരഞ്ഞെടുക്കുന്നത്. അവര്‍ തിരിച്ച് ഇന്ത്യയിലെത്തി ഡോക്ടര്‍മാരായി പ്രാക്ടീസ് ചെയ്യുന്നത് പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ 472 മെഡിക്കല്‍ കോളജുകളിലായി 65,000 സീറ്റാണുള്ളത്. ഇതിലേക്കുള്ള യോഗ്യതാ പരീക്ഷയ്ക്കായി പത്തുലക്ഷത്തിനു മുകളില്‍ വിദ്യാര്‍ഥികളാണ് കഴിഞ്ഞ മാസം നടന്ന പരീക്ഷയ്ക്ക് അപേക്ഷിച്ചത്. ചൈനയാണ് ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്ന രാജ്യം. പിന്നീട് റഷ്യ, ഉക്രെയ്ന്‍, നേപ്പാള്‍ എന്നിവയുമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വിദേശത്തു നിന്നു മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ 63,000 വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ മെഡിക്കല്‍ പ്രാക്ടീസ് ചെയ്യാന്‍ യോഗ്യത നേടിയത്. ചൈനയില്‍ നിന്നു മെഡിക്കല്‍ പഠനം കഴിഞ്ഞെത്തുന്ന വിദ്യാര്‍ഥികളില്‍ പത്തുശതമാനത്തില്‍ താഴെ മാത്രമാണ് ഇന്ത്യയിലെ യോഗ്യതാ പരീക്ഷ വിജയിച്ചത്.
Next Story

RELATED STORIES

Share it