Editorial

വിദേശ കുത്തകകള്‍ക്ക് രാജ്യം തുറന്നിടുന്നു

നരേന്ദ്ര മോദി സര്‍ക്കാര്‍ വിവിധ മേഖലകളിലെ മുതല്‍മുടക്ക് സംബന്ധമായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഉദാരനയം രാജ്യം വിദേശ കുത്തകകള്‍ക്കു മുമ്പില്‍ തുറന്നിടുന്നതാണ്. ഒറ്റ ബ്രാന്‍ഡ് ചില്ലറവില്‍പനരംഗത്തും നിര്‍മാണ മേഖലയിലും നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നതാണ് പുതിയ നയം. സര്‍ക്കാര്‍ അനുമതി ആവശ്യമില്ലാത്തവിധം നേരിട്ടുള്ള നിക്ഷേപത്തിനാണ് അവസരമൊരുങ്ങുന്നത്. ബഹു ബ്രാന്‍ഡിലേക്കുകൂടി എഫ്ഡിഐക്ക് കടന്നുവരുന്നതിനു വഴിയൊരുക്കാനുള്ള ഒരുക്കമാണ് സര്‍ക്കാരിന്റേതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഒരു കമ്പനിയുടെ ഉല്‍പന്നങ്ങള്‍ മാത്രം വില്‍പനയ്ക്കു വയ്ക്കുന്നതാണ് സിംഗിള്‍ ബ്രാന്‍ഡ് ചില്ലറവ്യാപാരം. ഇതുവരെ സ്വാഭാവിക മാര്‍ഗത്തില്‍ 49 ശതമാനം എഫ്ഡിഐ ആണ് ഒറ്റ ബ്രാന്‍ഡ് ചില്ലറവ്യാപാരത്തില്‍ അനുവദിച്ചിരുന്നത്. ഇതാണ് നൂറു ശതമാനമാക്കി വര്‍ധിപ്പിച്ചത്. നേരത്തേ ഇന്ത്യന്‍ പങ്കാളി ആവശ്യമായിരുന്നു. ഇനി സ്വന്തം നിലയ്ക്ക് കട തുറക്കാം.
എയര്‍ ഇന്ത്യയുടെ 49 ശതമാനം ഓഹരി വിദേശ നിക്ഷേപകനു വാങ്ങാം. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിനു നേരത്തേ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍, അതിനുമപ്പുറം വിദേശ വിമാന കമ്പനികള്‍ക്കുകൂടി എയര്‍ ഇന്ത്യയുടെ ഉടമാവകാശത്തില്‍ പങ്കുപറ്റുന്നതിന് അവസരം നല്‍കുകയാണ് പുതിയ നീക്കം. എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണം ഒഴിവാക്കണമെന്നും നവീകരണത്തിന് അഞ്ചു വര്‍ഷം അനുവദിക്കണമെന്നും ഈയിടെ പാര്‍ലമെന്ററി സമിതി കരട് റിപോര്‍ട്ട് തയ്യാറാക്കിയിരുന്നു. ബിജെപി അംഗങ്ങളുടെ എതിര്‍പ്പു കാരണം അതു ശുപാര്‍ശയായി സമര്‍പ്പിച്ചിരുന്നില്ല. ഇതു മറികടന്നാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനു വേഗം കൂട്ടുന്നതാണ് പുതിയ നയം.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പുള്ള മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് രണ്ടാഴ്ച കഴിഞ്ഞ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയാണ്. അതിനു മുന്നോടിയായാണ് വിദേശനിക്ഷേപരംഗത്ത് സര്‍ക്കാര്‍ പുതിയ നയം പ്രഖ്യാപിച്ചത്. നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിനു പുതിയ നയം സഹായകമാവുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം.
രാജ്യത്തെ വ്യവസായസൗഹൃദമാക്കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയും സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്ന ഘടകമാണ് വിദേശ നിക്ഷേപമെന്നത് ശരിതന്നെ. പക്ഷേ, അനിവാര്യമായ നിയന്ത്രണങ്ങളോടെയല്ലാതെ വിദേശനിക്ഷേപത്തിനു വഴിതുറക്കുന്നത് രാജ്യത്തെ സമ്പദ്ഘടനയ്ക്ക് ഒട്ടും ഗുണകരമാവില്ല.
ചില്ലറവില്‍പന മേഖലയില്‍ വിദേശ നിക്ഷേപം കൂടുതല്‍ ഉദാരമാക്കുന്നത് രാജ്യത്തെ ചില്ലറവ്യാപാരമേഖലയ്ക്ക് വിനാശകരമാവും. പ്രതിപക്ഷത്തായിരിക്കെ ബഹു ബ്രാന്‍ഡ് ചില്ലറവില്‍പന മേഖല വിദേശ വ്യവസായികള്‍ക്ക് തുറന്നുകൊടുക്കുന്നതിനെതിരേ ബിജെപി ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സംഘപരിവാര തൊഴിലാളി സംഘടന ബിഎംഎസും ഇടതു സംഘടനകളോടൊപ്പം എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നു. ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറ്റുന്ന കാര്യത്തില്‍ എന്നും ബിജെപി മുന്നിലായിരുന്നു.
Next Story

RELATED STORIES

Share it